ഒരു ദിവസം പുലരുമ്പോള്‍ സമീപത്തുള്ള ജലാശയം ഒരു പാല്‍പ്പുഴയായി മാറിയ കാഴ്ച നമ്മെ അദ്ഭുതപ്പെടുത്തും. കെട്ടുകഥകളില്‍ മാത്രം കേട്ടുപരിചയിച്ച ഇത്തരം അദ്ഭുതക്കാഴ്ചകള്‍ യാഥാര്‍ഥ്യമായെങ്കില്‍ എന്ന് കുട്ടിക്കാലത്ത് ആശിക്കാത്തവര്‍ ചുരുക്കം. യുകെയിലെ ലാന്‍വാര്‍ഡയില്‍ ഇതേ പോലെ ഒരു 'അദ്ഭുതം' നടന്നു. പ്രദേശവാസികളെ അമ്പരപ്പിച്ചു കൊണ്ട് സമീപത്തുള്ള ഡുലെയ്‌സ് നദി ഒരു പാല്‍പ്പുഴയായി. പക്ഷെ നടന്നത് ഇന്ദ്രജാലമൊന്നുമല്ല, ഒരു അപകടമായിരുന്നു, പാല്‍വണ്ടി മറിഞ്ഞുണ്ടായ അപകടം.

നിറയെ പാലുമായി വന്ന ഒരു ടാങ്കര്‍ മറിഞ്ഞാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന പാല്‍ മൊത്തം നദിയിലേക്കൊഴുകി. നദിയിലെ വെള്ളം മുഴുവന്‍ പാല്‍നിറമായി. മേയ് ലൂയിസ് എന്ന ഉപയോക്താവ് ട്വിറ്ററില്‍ ഷെയര്‍ ചെയ്ത ആറ് സെക്കന്‍ഡ് മാത്രമുള്ള വീഡിയോ ആയിരക്കണക്കിന് പേരാണ് ഇതു വരെ കണ്ടത്. ഒരു പാലത്തിന് മുകളില്‍നിന്ന് പകര്‍ത്തിയ വീഡിയോയില്‍ നദിയാകെ 'പാലൊഴുകും പുഴ'യായി കാണാം. 

നിരവധി പേര്‍ രസകരമായ പ്രതികരണങ്ങളാണ് രേഖപ്പെടുത്തിയത്. പാലിന് പകരം വണ്ടിയില്‍ തേനായിരുന്നെങ്കിലോ എന്ന് ഒരാള്‍ പ്രതികരിച്ചപ്പോള്‍ നദിയിലെ മത്സ്യങ്ങളുടെ എല്ലുകള്‍ക്കും പല്ലുകള്‍ക്കും പാലിലെ കാല്‍സ്യം നല്ല ബലം നല്‍കുമെന്ന് മറ്റൊരാള്‍ പ്രതികരിച്ചു. ജലാശയം എത്രയും വേഗം ശുചീകരിച്ചില്ലെങ്കില്‍ ജലജീവികള്‍ക്ക് ഭീഷണിയാകുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ വാദം. 

 

Content Highlights:UK River Turns White After Milk Truck Overturns And Spills Contents