ലണ്ടന്‍: കോവിഡ് 19 പ്രതിരോധ വാക്സിനെടുക്കാന്‍ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി വമ്പന്‍ വാഗ്ദാനങ്ങളുമായി യു.കെ. സര്‍ക്കാര്‍. പിസയ്ക്ക് വിലക്കിഴിവ്, ഷോപ്പിംഗ് വൗച്ചറുകള്‍ തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് മുന്നോട്ടുവെച്ചിട്ടുളളത്. 'വൗച്ചേഴ്‌സ് ഫോര്‍ വാക്‌സിന്‍' എന്നാണ് പദ്ധതിക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന പേര്.  

വാക്സിനെടുത്തവര്‍ക്ക് ഇളവുകളുമായി നിരവധി യാത്ര ആപ്ലിക്കേഷനുകളും, ഭക്ഷണം എത്തിച്ചുനല്‍കുന്ന ആപ്ലിക്കേഷനുകളും രംഗത്തെത്തിയിട്ടുണ്ട്. വാക്സിന്‍ കേന്ദ്രങ്ങളിലേക്ക് സൗജന്യമായി എത്തിക്കുമെന്ന വാഗ്ദാനവും ഇവര്‍ നല്‍കുന്നു. ഊബര്‍, ബോള്‍ട്ട്, ഡെലിവെറൂ, പിസ എന്നീ കമ്പനികളാണ് യു.കെ. സര്‍ക്കാര്‍ പിന്തുണയ്ക്കുന്ന പദ്ധതിയുടെ ഭാഗമാകുന്നത്. 

വാക്സിനെടുക്കാന്‍ ആളുകളെ സഹായിക്കുന്നതിനും കാര്യങ്ങള്‍ പഴയനിലയിലേക്ക് എത്തിക്കുന്നതിനും വേണ്ടിയുളള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ഡെലിവെറൂ വക്താവ് പറഞ്ഞു. പിസ വാങ്ങുന്നത് പോലെ വാക്‌സിനെടുക്കുന്നതും എളുപ്പമാക്കുകയാണ് ലക്ഷ്യം. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഒന്നും രണ്ടും വാക്‌സിന്‍ വേഗത്തിലും എളുപ്പത്തിലും കിട്ടാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പിസ പില്‍ഗ്രിംസ് സ്ഥാപകന്‍ തോം എലിയറ്റ് പറഞ്ഞു.

പദ്ധതി എങ്ങനെ പ്രാവര്‍ത്തികമാക്കുമെന്ന കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ലെന്ന് യു.എസ്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. വാക്‌സിന്‍ എടുത്തതിന് ശേഷം വാക്‌സിന്‍ കേന്ദ്രത്തിന് മുന്നില്‍ നിന്നുളള സെല്‍ഫിയുള്‍പ്പടെ തെളിവായി കാണിക്കാമെന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.  

വിലക്കിഴിവിന്റെ നേട്ടം എത്രയും വേഗം സ്വന്തമാക്കാന്‍ യു.കെ. ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് ജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. വാക്‌സിനെടുക്കുന്നത് ഓര്‍മിപ്പിച്ചുകൊണ്ട് എല്ലാ ഉപയോക്താക്കള്‍ക്കും സന്ദേശമയയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് യാത്രാ ആപ്ലിക്കേഷനായ ഊബര്‍. 

കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നുവെന്നതില്‍ അഭിമാനിക്കുന്നതായി ഊബറിന്റെ റീജിയണല്‍ മാനേജര്‍ ജാമി ഹെയ്വുഡ് പറഞ്ഞു. യു.കെ.യില്‍ ഇതുവരെ 4.6 കോടി ആളുകള്‍ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിട്ടുണ്ട്.  ആകെ ജനസംഖ്യയുടെ (പ്രായപൂര്‍ത്തിയായവര്‍)88.5 ശതമാനം വരുമിത്. 3.8 കോടിപ്പേര്‍ രണ്ട് ഡോസ് വാക്സിനുമെടുത്തു(72.1 ശതമാനം). 18 വയസ്സിനും 29 വയസ്സിനും ഇടയില്‍പ്രായമുള്ള 67 ശതമാനം പേര്‍ വാക്‌സിനെടുത്തതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവരില്‍ ആദ്യ ഡോസ് മാത്രം സ്വീകരിച്ചവരും ഉള്‍പ്പെടും.