ലണ്ടന്‍: അജ്ഞാതന്റെ കുത്തേറ്റ ബ്രിട്ടീഷ് എംപിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവുമായ ഡേവിഡ് അമെസ്സ്(69) കൊല്ലപ്പെട്ടു. സ്വന്തം മണ്ഡലത്തിലുള്‍പ്പെടുന്ന ലെയ്ഗ് ഓണ്‍ സീയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ നടന്ന യോഗത്തിനിടെയാണ് എംപിക്ക് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ എംപിക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ലെയ്ഗ് ഓണ്‍ സീയിലെ മെത്തേഡിസ്റ്റ് പള്ളിയില്‍ യോഗത്തിനെത്തിയ എംപിയെ അജ്ഞാതനായ ഒരാള്‍ ആക്രമിക്കുകയായിരുന്നു. എംപിക്ക് നിരവധി തവണ കുത്തേറ്റു. പ്രകോപനത്തിന്റെ കാരണം വ്യക്തമല്ല. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

69 വയസ്സുകാരനായ ഡേവിഡ് അമെസ്സ് കിഴക്കന്‍ ഇംഗ്ലണ്ടിലെ സൗത്തെന്‍ഡ് വെസ്റ്റില്‍ നിന്നുള്ള എംപിയാണ്. എല്ലാ മാസത്തിന്റേയും ആദ്യത്തേയും മൂന്നാമത്തേയും വെള്ളിയാഴ്ചകളില്‍ എംപി ഡേവിഡ് പള്ളിയില്‍ യോഗത്തിന് എത്തുമായിരുന്നു. ഡേവിഡ് അമെസ്സിന്റെ മരണത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ദുഃഖവും നടുക്കവും രേഖപ്പെടുത്തി.