ലണ്ടന്‍: അനശ്വരപ്രണയം എന്നൊക്കെ കാവ്യാത്മകമായി നാം പറയാറുണ്ട്. പ്രണയികള്‍ മരിച്ചാലും, പരസ്പരം വേർപെട്ടാലും മരിക്കാതെ ബാക്കിയാകുന്ന  പ്രണയശേഷിപ്പുകളിലൂടെയാവാം ചിലപ്പോള്‍ പ്രണയം അനശ്വരത നേടുന്നത്. അത്തരമൊരു പ്രണയലേഖനത്തേക്കുറിച്ചുള്ളതാണ് ബ്രിട്ടണില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. 

വീടിനുള്ളിലെ ടൈലിനടിയില്‍ നിന്ന് നൂറ് വര്‍ഷത്തിന് മേല്‍ പഴക്കമുള്ള പ്രണയലേഖനം കണ്ടെത്തിയിരിക്കുകയാണ് ബ്രിട്ടണില്‍ നിന്നുള്ള ഒരു അമ്മയും മകനും. ഡോണ്‍ കോര്‍നസ് എന്ന സ്ത്രീയും മകനായ ലൂക്കാസുമാണ് പഴയ വീടിന്റെ തറയോടിനുള്ളില്‍ നിന്ന് പ്രണയലേഖനം കണ്ടെത്തിയത്. വിവാഹിതയും തന്റെ പ്രണയിനിയുമായ സ്ത്രീക്ക് റോണാള്‍ഡ് എന്നയാള്‍ എഴുതിയ കത്താണ് ഇവര്‍ കണ്ടെത്തിയത്. കത്തില്‍ നിറഞ്ഞുനിന്നത് വികാരതീവ്രമായ പ്രണയം.

ഡോണ്‍ കോര്‍നസിനെ ഉദ്ധരിച്ച് ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെ: ഡോണിന്റെ വീട്ടിലുള്ള 55 ഇഞ്ച് ടി.വി താഴെ വീണു. ടിവിക്കൊപ്പം നിലത്തുള്ള തറയോടുകളും തകര്‍ന്നു. ഇത് വൃത്തിയാക്കുന്നതിനിടെയാണ് പഴയ വീടിന്റെ ടൈലുകള്‍ക്കിടയില്‍ നിന്ന് ഒരു കത്ത് കിട്ടിയത്. റോണാള്‍ഡ് ഹാബ്ഗുഡ് എന്നയാള്‍ തന്റെ പ്രണയിനിക്ക് എഴുതിയ കത്താണ് അതെന്ന് ഇവര്‍ക്ക് വ്യക്തമായി.

ഹാബ്ഗുഡ് എന്നു തന്നെയാണോ അവസാന പേരെന്ന് വ്യക്തമല്ല. എഴുതിയത് എന്താണെന്ന് പൂർണമായും വ്യക്തമാവാത്തതിനെ തുടര്‍ന്ന് ഇവര്‍ ഈ കത്തിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ഫെയ്‌സ്ബുക്കിലെ സുഹൃത്തുക്കളാണ് കത്തിന്റെ ഉള്ളടക്കം എന്താണെന്ന് വ്യക്തമാക്കിത്തന്നത്. കത്തില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെ-

"എന്റെ മാത്രം പ്രിയപ്പെട്ടവളേ.. എന്നും രാവിലെ എന്നെ കാണാന്‍ വരാന്‍ നീ ശ്രമിക്കുമോ? എന്റേയും നിന്റേയും കാതുകള്‍ക്ക് മാത്രമറിയാവുന്ന അതിരഹസ്യമായിരിക്കണം ഇക്കാര്യം. നീ ഒരു വിവാഹിതയായതിനാല്‍ എന്നെ കാണാന്‍ വരുന്നത് ആരെങ്കിലും അറിഞ്ഞാല്‍ അത് പ്രശ്‌നങ്ങളുണ്ടാക്കും. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. പറ്റുമെങ്കില്‍ എന്നും അര്‍ധരാത്രിയില്‍ ഫുള്‍വുഡ് ട്രാം കോര്‍ണറില്‍ എന്നെ കാണാന്‍ വരാന്‍ ശ്രമിക്കുക. നിന്നെ കാണുമെന്ന പ്രതീക്ഷയോടെ, നിന്റെ മാത്രം റൊണാള്‍ഡ്.. "

കത്തില്‍ തീയതി ഇല്ലാത്തതിനാല്‍ എപ്പോഴാണ് ഇത് എഴുതിയതെന്ന് വ്യക്തമല്ലെങ്കിലും കത്തിലെ വിവരങ്ങള്‍വെച്ച് നൂറ് വർഷംവരെ പഴക്കമുള്ളതാവാം കത്തെന്നാണ് കരുതുന്നത്. കത്ത് 1920കളിലോ മറ്റോ എഴുതിയതാവാം എന്നാണ് അനുമാനം. കാരണം, കത്തില്‍ പറഞ്ഞിരിക്കുന്ന ഫുല്‍വുഡ് ട്രാം കഴിഞ്ഞ 80 വര്‍ഷമായി പ്രവര്‍ത്തിക്കുന്നില്ല. അതിനു മുന്‍പായിരിക്കണം കത്ത് എഴുതപ്പെട്ടത്. 1917ല്‍ നിര്‍മിച്ച വീടാണ് ഇവരുടേതെന്നാണ് രേഖകള്‍ പറയുന്നത്. 

ഓണ്‍ലൈനില്‍ ലഭ്യമായ രേഖകള്‍ തിരഞ്ഞ് അജ്ഞാതനായ ആ കാമുകന്‍ ആരാണെന്ന് കണ്ടെത്താന്‍ ഫെയ്‌സ്ബുക്കിലെ പലരും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 'നിങ്ങളുടെ വീട് എത്ര മനോഹരമായ ചരിത്രമാണ് ഒളിപ്പിച്ചു വെച്ചിരുന്നത്!' എന്നാണ് പോസ്റ്റ് കണ്ട ഒരാള്‍ പ്രതികരിച്ചത്. ഫെയ്‌സ്ബുക്കില്‍ എന്റെ ഏറ്റവും പ്രിയപ്പെട്ട പോസ്റ്റാണിതെന്ന് ഞാന്‍ കരുതുന്നു, എന്നായിരുന്നു മറ്റൊരാളുടെ കുറിപ്പ്.

കത്ത് ലഭിച്ച സംഭവത്തെ 'മധുരമായ അനുഭവം' എന്നാണ് ഡോണ്‍ കോര്‍നസും മകന്‍ ലൂക്കാസും പറയുന്നത്. കത്ത് ഫ്രെയിം ചെയ്ത് മൊമന്റോ ആക്കി സൂക്ഷിക്കാനാണ് ഇവരുടെ തീരുമാനം. നൂറ്റാണ്ടു പഴക്കമുള്ള പ്രണയത്തിന് അതൊരു സ്മാരകമായിരിക്കുമെന്നും അവർ പറയുന്നു.