ലണ്ടന്‍: ഒരാഴ്ചയ്ക്കുള്ളില്‍ ബ്രിട്ടണിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. കോവിഡ് പ്രതിരോധ വാക്‌സിനായ ഫൈസറിന് അടുത്ത ആഴ്ചയോടെ യു.കെ. അനുമതി നല്‍കിയേക്കും. തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാനാണ് യു.കെ.യുടെ പദ്ധതിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

ക്ലിനിക്കല്‍ ട്രയലില്‍ 95 ശതമാനം കാര്യക്ഷമമാണെന്ന് വിലയിരുത്തപ്പെട്ട ഫൈസറിനെ പ്രതീക്ഷയോടെയാണ് വൈദ്യശാസ്ത്രലോകം നോക്കിക്കാണുന്നത്. ഫൈസറിന്റെ 40 ദശലക്ഷം ഡോസുകള്‍ക്ക് യു.കെ. ഇതിനകം ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. നിശ്ചയിച്ചതുപ്രകാരം കാര്യങ്ങള്‍ മുന്നോട്ടുനീങ്ങുകയാണെങ്കില്‍ ഡിസംബര്‍ ഏഴോടെ വാക്‌സിന്റെ ആദ്യഘട്ട വിതരണം യുകെയില്‍ ആരംഭിക്കും. 

യു.കെയിലെ വാക്‌സിന്‍ വിതരണത്തിന് മേല്‍നോട്ടം വഹിക്കുന്നതിനായി ബിസിനസ് മന്ത്രി നഥിം സാഹവിയെ ഞായറാഴ്ച പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ചുമതലപ്പെടുത്തിയിരുന്നു. 

Content Highlights: UK health workers may get covid vaccine in a week- Report