ലണ്ടന്‍: ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ അപ്പീല്‍ നല്‍കാന്‍ നീരവ് മോദിക്ക് യു.കെയിലെ ഹൈക്കോടതിയുടെ അനുമതി. മാനസികാരോഗ്യ പ്രശ്‌നങ്ങളുടെ പേരിലാണ് അനുമതി. 

ഇന്ത്യന്‍ ജയിലുകളിലെ മോശം അവസ്ഥയും തന്റെ വിഷാദരോഗവും തന്നെ ഒരു പക്ഷേ ആത്മഹത്യയിലേക്ക് നയിച്ചേക്കാം എന്ന് അപ്പീല്‍ നല്‍കിക്കെണ്ട് നീരവ് മോദി നേരത്തെ വാദിച്ചിരുന്നു. 

ജസ്റ്റിസ് മാര്‍ട്ടിന്‍ ചേംബര്‍ലൈനാണ് വിധി പ്രസ്താവിച്ചത്. മോദിയുടെ കടുത്ത വിഷാദവും ആത്മഹത്യാ പ്രവണതയും സംബന്ധിച്ച് അദ്ദേഹത്തിന്റെ അഭിഭാഷകസംഘം അവതരിപ്പിച്ച വാദങ്ങള്‍ നിലനില്‍ക്കാവുന്നതാണെന്ന് കോടതി പറഞ്ഞു.

മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലെ ആത്മഹത്യാശ്രമങ്ങള്‍ തടയാന്‍ കഴിയുന്ന നടപടികളുടെ അപര്യാപ്തതയും നീരവ് മോദിയെ കൈമാറിയാല്‍, അവിടെ തന്നെ തടവില്‍ കഴിയേണ്ടി വരുമെന്നുമുള്ള വസ്തുതയും നീരവിന്റെ വാദങ്ങള്‍ക്ക് കരുത്ത് നല്‍കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ ഡോക്ടര്‍മാരുടെ കുറവും, അമിതമായ തിരക്കും, തടവുകാരെ ആവശ്യമുള്ളപ്പോള്‍ ആശുപത്രികളില്‍ എത്തിക്കുന്നതിന് കാലതാമസവുമുള്ളതായി മോദിയുടെ അഭിഭാഷകന്‍ വാദിച്ചു. എട്ട് വയസ്സുള്ളപ്പോള്‍ അമ്മ ആത്മഹത്യ ചെയ്തത് മുതല്‍ നീരവ് മോദിക്ക് മാനസികാരോഗ്യപ്രശ്‌നങ്ങളും ആത്മഹത്യാ പ്രവണതകളുമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ നീരവ് മോദിയെ കൈമാറിയാല്‍ അപകട സാധ്യതയുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു. ആ കാരണത്താല്‍ കൈമാറ്റം നിരസിക്കണമെന്നും അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു.

നീരവിന്റെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള വിദഗ്ദ്ധ തെളിവുകള്‍ നിരാകരിക്കുന്നില്ലെന്നും മതിയായ വൈദ്യസഹായം നല്‍കുമെന്ന് ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ അധികാരികള്‍ക്ക് വേണ്ടി ഹാജരായ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് ബാരിസ്റ്റര്‍ ഹെലന്‍ മാല്‍ക്കം വാദിച്ചു.

ആര്‍തര്‍ റോഡ് ജയിലില്‍ ഒരിക്കലും സ്വകാര്യ കണ്‍സള്‍ട്ടേഷന്‍ അനുവദിച്ചിട്ടില്ലെന്ന് വാദിച്ച നീരവ് മോദിയുടെ അഭിഭാഷകന്‍, മനോരോഗ നിര്‍ണയത്തിന് കോടതി അനുമതി നിഷേധിച്ച ഒരു കേസും ഉദ്ധരിച്ചു. പകര്‍ച്ചവ്യാധി കാരണം, ഒരു മനോരോഗവിദഗ്ദ്ധനെ ജയിലില്‍ എത്തിക്കുന്നത് ബുദ്ധിമുട്ടായിരിക്കും എന്ന് അഭിഭാഷകന്‍ പറഞ്ഞു.

പഞ്ചാബ് നാഷണല്‍ ബാങ്ക് അഴിമതി കേസില്‍ വജ്രവ്യാപാരിയായ നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ നേരത്തെ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ ഉത്തരവിട്ടിരുന്നു.

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് ഇന്ത്യന്‍ ബാങ്കിംഗ് വ്യവസായത്തെ പിടിച്ചു കുലുക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ്, 2018 ജനുവരിയില്‍ തന്നെ, മെഹുല്‍ ചോക്‌സിയും അദ്ദേഹത്തിന്റെ അനന്തരവന്‍ നീരവ് മോദിയും ഇന്ത്യയില്‍ നിന്ന് കടന്നിരുന്നു. യൂറോപ്പിലേക്ക് രക്ഷപ്പെട്ട നീരവ് മോദി ഒടുവില്‍ ലണ്ടനില്‍ വെച്ച് തടവിലാക്കപ്പെടുകയായിരുന്നു. 

Content highlights: UK HC Allows Nirav Modi to Appeal Against Extradition to India