ലണ്ടന്‍: സ്വീഡിഷ് കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ് ഉന്മാദിയും അപകടകാരിയുമാണെന്ന് ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജെറമി ക്ലര്‍ക്‌സണ്‍. പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച്  ഗ്രെറ്റ സ്‌കൂളിലേക്ക് മടങ്ങണമെന്നും അവളുടെ ജല്പനങ്ങള്‍ നിര്‍ത്തുന്നതാണ് നല്ലതെന്നും ക്ലര്‍ക്‌സണ്‍ കൂട്ടിച്ചേര്‍ത്തു. 

വിഡ്ഢിത്തങ്ങള്‍ വിളമ്പി ഗ്രെറ്റ കുട്ടികള്‍ക്ക് ഉറക്കമില്ലാത്ത രാത്രികള്‍ സൃഷ്ടിക്കുകയാണെന്നും ഇതെല്ലാം നിര്‍ത്തി പഠനത്തിലേക്ക് ശ്രദ്ധ തിരിക്കുന്നതാണ് ഗ്രെറ്റയ്ക്ക് അനിവാര്യമായതെന്നും ക്ലര്‍ക്‌സണ്‍ അഭിപ്രായപ്പെട്ടു. ടോപ്പ് ഗിയര്‍ തുടങ്ങിയ മോട്ടോറിങ് സീരിസുകളിലൂടെ പ്രശസ്തനാണ് ക്ലര്‍ക്‌സണ്‍. ഒരു ചാനല്‍ ചാറ്റ് ഷോയില്‍ തന്റെ പുതിയ സീരീസായ ഗ്രാന്‍ഡ് ടൂറിന്റെ പ്രചരണാര്‍ഥം പങ്കെടുക്കുന്നതിനിടെയാണ് ഗ്രെറ്റയ്‌ക്കെതിരെ ക്ലര്‍ക്‌സണ്‍ പ്രതികരിച്ചത്.

പരിസ്ഥിതി-കാലാവസ്ഥാ പ്രവര്‍ത്തകരോട് കടുത്ത അഭിപ്രായഭിന്നത പുലര്‍ത്തിയിരുന്ന ക്ലര്‍ക്‌സണ്‍ തെക്കുകിഴക്കന്‍ ഏഷ്യയില്‍ പുതിയ സീരീസിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തിച്ചതിന്റെ അനുഭവങ്ങളില്‍ നിന്ന് അവരോട് അനുഭാവമുണ്ടായതായി അറിയിച്ചു. എന്നാല്‍ അഭിപ്രായ ഭിന്നത കുറഞ്ഞെങ്കിലും ഗ്രെറ്റയുടെ ആരാധകനാവാന്‍ ഒരുക്കമല്ലെന്നും ക്ലര്‍ക്‌സണ്‍ പറഞ്ഞു. 

ദിവസങ്ങള്‍ക്ക് മുമ്പ് 'ദ ഇന്‍ഡിപെന്‍ഡന്‍സ്' എന്ന് പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ ക്ലര്‍ക്‌സണ്‍ ഗ്രെറ്റയുടെ പ്രവര്‍ത്തനങ്ങളെ നിശിതമായി വിമര്‍ശിച്ചിരുന്നു. സാമൂഹിക മാധ്യമത്തിലൂടെയും 'ദ സണി'ലെ തന്റെ കോളത്തിലൂടെയും പലപ്പോഴും ഗ്രെറ്റയെ  'വിഡ്ഢി' എന്ന് ക്ലര്‍ക്‌സണ്‍ വിശേഷിപ്പിച്ചിട്ടുണ്ട്. 

 

Content Highlights: UK Broadcaster Jeremy Clarkson calls Greta Thunberg mad and dangerous