കംപാല: ചൈനയില്‍ നിന്നെടുത്ത ലോണിന്റെ തിരിച്ചടവ് മുടങ്ങിയത് മൂലം ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടക്ക് ഏക അന്താരാഷ്ട്ര വിമാനത്താവളം നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 2015ല്‍ എടുത്ത ലോണിന്റെ ഭാഗമായുള്ള കരാറിലെ വ്യവസ്ഥകള്‍ മൂലം ഏക അന്താരാഷ്ട്ര വിമാനത്താവളമായ എന്റെബേ വിമാനത്താവളം ചൈനയ്ക്ക് ലഭിക്കുമെന്ന സ്ഥിതിയിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രാജ്യാന്തര ഇമ്യൂണിറ്റി വ്യവസ്ഥകള്‍ ഒഴിവാക്കി തയ്യാറാക്കിയ കരാര്‍ പ്രകാരം അന്താരാഷ്ട്ര മധ്യസ്ഥതയില്ലാതെ തന്നെ വിമാനത്താവളം ചൈനക്ക് പിടിച്ചെടുക്കാവുന്നതാണ്. 

2015-ലാണ് യുഗാണ്ടന്‍ സര്‍ക്കാര്‍, ചൈനയുടെ എക്സ്പോര്‍ട് ഇംപോര്‍ട് ബാങ്കില്‍ നിന്ന് 20.7 കോടി യുഎസ് ഡോളര്‍ കടമെടുത്തത്. എന്റബേ വിമാനത്താവളത്തെ രാജ്യാന്തര നിലവാരത്തില്‍ വികസിപ്പിക്കുക എന്നത് ലക്ഷ്യമിട്ടായിരുന്നു രണ്ട് ശതമാനം പലിശ നിരക്കില്‍ യുഗാണ്ടന്‍ സര്‍ക്കാര്‍ വായ്പയെടുത്തത്. ഏഴ് വര്‍ഷത്തെ ഗ്രേസ്  പീരിഡ് അടക്കം 20 വര്‍ഷമായിരുന്നു വായ്പാ കാലാവധി. യുഗാണ്ടയുടെ ധനമന്ത്രാലയവും വ്യോമമന്ത്രാലയവുമാണ് ഇത് സംബന്ധിച്ച കരാറില്‍ ഒപ്പുവച്ചത്.

എന്നാല്‍ കരാറിലെ പല വ്യവസ്ഥകളും ഉഗാണ്ടക്ക് തിരിച്ചടിയാകുന്നതാണ്. ചൈന ഉള്‍പ്പെടുത്തിയ വിവാദ വ്യവസ്ഥകള്‍ വിമാനത്താവളത്തിനു മേല്‍ അവര്‍ക്ക് നിര്‍ണായക സ്വാധീനം നല്‍കുന്നതാണ്. ഉഗാണ്ടന്‍ സിവില്‍ എവിയേഷന്‍ അതോറിറ്റിക്ക് അവരുടെ ബജറ്റിനും തന്ത്രപരമായ പദ്ധതികള്‍ക്കുമായി ലോണ്‍ നല്‍കിയ ബാങ്കിന്റെ അനുമതി തേടണമെന്നതാണ് വ്യവസ്ഥകളിലൊന്ന്. കരാര്‍ സംബന്ധിച്ച സര്‍ക്കങ്ങള്‍ ചൈന എക്കണോമിക് ആര്‍ബിട്രേഷന്‍ കമ്മീഷന് പരിധിയില്‍ വരുമെന്നതാണ് മറ്റൊരു വിവാദ വ്യവസ്ഥ. 

സാമ്പത്തിക കരാറിലെ ചില വ്യവസ്ഥകള്‍ പ്രകാരം ലോണ്‍ അടക്കാത്ത പക്ഷം എന്റബെ അന്താരാഷ്ട്ര വിമാനത്താവളവും മറ്റ് ഉഗാണ്ടന്‍ ആസ്തികളും പിടിത്തെടുക്കാന്‍ വായ്പ നല്‍കിയവര്‍ക്ക് അധികാരമുണ്ടെന്ന് ഉഗാണ്ട സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി. ലോണിനു മേല്‍ ഏതെങ്കിലും തരത്തിലുള്ള തര്‍ക്കങ്ങള്‍ ഉടലെടുക്കുന്ന പക്ഷം വിമാനത്താവളം ചൈനീസ് നിയന്ത്രണത്തിലേക്ക് പോകുന്നതിനെ സാധൂകരിക്കുന്നതാണ് ഇത്. കരാര്‍ വ്യവസ്ഥകള്‍ ധൃതി പിടിച്ച് അംഗീകരിച്ചത് വലിയ തെറ്റായിപ്പോയെന്ന് യുഗാണ്ടന്‍ ധനമന്ത്രി മറ്റീയ കസൈജിത്ത് പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. 

കരാറിലെ വിവാദ വ്യവസ്ഥകള്‍ ഒഴിവാക്കി ഒഴിവാക്കി കരാര്‍ പരിഷ്‌കരിക്കണമെന്ന യുഗാണ്ടയുടെ ആവശ്യം ചൈന നിരാകരിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കരാറിലെ വിവാദ വ്യവസ്ഥകള്‍ പുതുക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഒരു നയതന്ത്രസംഘത്തെ ഉഗാണ്ട ഈ വര്‍ഷം ആദ്യം ബെയ്ജിങ്ങിലേക്ക് അയച്ചിരുന്നു. എന്നാല്‍ യാഥാര്‍ഥ കരാറിലെ വ്യവസ്ഥകളില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ വരുത്താന്‍ ചൈന തയ്യാറായില്ല. 

Content Highlights: Uganda loses its only international airport to China for failing to repay loan: Reports