ബോബി വൈൻ| Photo:www.facebook.com|www.bobiwine.ug
കമ്പാല: പോപ് ഗായകന്‍ ബോബി വൈന്‍ പാട്ടുംപാടി യുഗാൺഡയുടെ പ്രസിഡന്റ് ആകുമോയെന്ന ഉദ്വേഗത്തിലാണ് ലോകം. യുഗാൺഡ പൊതുതിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് യോവേരി മുസേവെനിക്കെതിരെയാണ് ബോബി മത്സരിക്കുന്നത്. 38-കാരനായ ബോബിയുടെ യഥാര്‍ഥ പേര് Robert Kyagulanyi- എന്നാണ്.
രാജ്യത്തെ യുവതലമുറയെ ആണ് താന്‍ പ്രതിനിധീകരിക്കുന്നതെന് ബോബി പറയുന്നു. അതേസമയം സ്ഥിരതയ്ക്കു വേണ്ടിയാണ് തന്റെ പോരാട്ടമെന്നാണ് 76-കാരനായ യോവേരിയുടെ ഭാഷ്യം.
വ്യാഴാഴ്ച രാവിലെ ഏഴുമണിക്കാണ് വോട്ടെടുപ്പ്. ശനിയാഴ്ചയ്ക്കു മുന്‍പ് ഫലം പുറത്തെത്തുമെന്നാണ് കരുതുന്നത്. കഴിഞ്ഞ 35വര്‍ഷമായി അധികാരത്തില്‍ തുടരുന്ന യോവേരി, ഇത് ആറാംവട്ടമാണ് ജനവിധി തേടുന്നത്.
നാന്‍സി കലെംബേ എന്ന വനിത ഉള്‍പ്പെടെ 11 പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. 1.81 കോടി ജനങ്ങളാണ് വോട്ട് രേഖപ്പെടുത്താന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 50%+1 വോട്ടാണ് സ്ഥാനാര്‍ഥിക്ക് വിജയിക്കാന്‍ വേണ്ടത്. 529 എം.പിമാരും തിരഞ്ഞെടുക്കപ്പെടും.
പോപ് ഗായകന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാണെങ്കിലും അത്ര സമാധാനപൂര്‍ണമല്ല യുഗാൺഡയുടെ തിരഞ്ഞെടുപ്പ് അന്തരീക്ഷം. പ്രചാരണങ്ങള്‍ക്കിടെ ഗുരുതരമായ അതിക്രമങ്ങള്‍ ഉണ്ടാവുകയും നിരവധിപേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് സാമൂഹികമാധ്യമങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള ഉത്തരവും പുറത്തിറക്കിക്കഴിഞ്ഞു. തന്റെ പാര്‍ട്ടിയെ പിന്തുണക്കുന്നവരുടെ നിരവധി അക്കൗണ്ടുകള്‍ ഫെയ്‌സ്ബുക്ക് ബ്ലോക്ക് ചെയ്തതിനു പിന്നാലെയാണ് ഇതെന്ന് പ്രസിഡന്റ് യോവേരി പറഞ്ഞു.
കമ്പാലയിലും മറ്റ് ജില്ലകളിലും പ്രചാരണങ്ങളും നിരോധിച്ചിട്ടുണ്ട്. തങ്ങള്‍ക്ക് മേധാവിത്വമുള്ള പ്രദേശങ്ങള്‍ ആയതിനാലാണ് നിരോധനമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു. എന്നാല്‍ കോവിഡ് 19 പടരാതിരിക്കാനുള്ള മുന്‍കരുതലാണിത് എന്നാണ് ഭരണകക്ഷിയുടെ വാദം. ബോബി വൈന്‍ ഉള്‍പ്പെടെയുള്ള നിരവധി സ്ഥാനാര്‍ഥികളും അനുയായികളും പലതവണ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.
വോട്ടെടുപ്പു ദിവസം രാജ്യതലസ്ഥാനമായ കമ്പാലയിലെ കെട്ടിടങ്ങളുടെ മേല്‍ക്കൂരകളില്‍ ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് യുഗാൺഡന്‍ പോലീസ് അറിയിച്ചിട്ടുണ്ട്. കൂടാതെ പോലീസ് വാഹനങ്ങള്‍ തെരുവുകളിലൂടെ പട്രോളിങ്ങും നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
content highlights: uganda election yoweri museveni faces bobi wine in presidential contest
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..