ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ കരിംപട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി യുഎന്‍ രക്ഷാസമിതിയില്‍ ലോകരാജ്യങ്ങള്‍. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് യുഎന്നില്‍ നിര്‍ദേശം കൊണ്ടു വന്നത്. 

മസൂദ് അസ്ഹറിന് വിലക്കേര്‍പ്പെടുത്തണമെന്ന പ്രമേയം ഫ്രാന്‍സ് രക്ഷാസമിതിയില്‍ അവതരിപ്പിച്ചേക്കും. ഈ നീക്കം വീറ്റോ അധികാരമുള്ള ചൈന എതിര്‍ക്കുമെന്നാണ് സൂചന. ഇയാള്‍ക്കെതിരെ മുമ്പ് പ്രമേയങ്ങള്‍ കൊണ്ടുവന്നപ്പോഴെല്ലാം ചൈന എതിര്‍ത്തിരുന്നു. എന്നാല്‍ പുതിയ പ്രമേയത്തെ സംബന്ധിച്ച് ചൈന ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. 

15 അംഗ രക്ഷാസമിതിയുടെ അധ്യക്ഷസ്ഥാനം മാര്‍ച്ച് ഒന്നിന് ഇക്വറ്റോറിയല്‍ ഗിനിയില്‍നിന്ന് ഫ്രാന്‍സ് ഏറ്റെടുക്കാനിരിക്കെയാണ് പ്രമേയം എന്നതും ശ്രദ്ധേയമാണ്. സമിതിയില്‍ വീറ്റോ അധികാരമുള്ള സ്ഥിരാംഗമാണ് ഫ്രാന്‍സ്.

2009-ല്‍ അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാന്‍ പ്രമേയം കൊണ്ടുവരാന്‍ ഇന്ത്യ നീക്കം നടത്തിയിരുന്നു. 2016-ല്‍ പഠാന്‍കോട്ട് ഭീകരാക്രമണത്തിനുപിന്നാലെയും ഇതിനു ശ്രമിച്ചു. 2017-ല്‍ യു.എസ്., ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ സമാന പ്രമേയം കൊണ്ടുവന്നു. പ്രമേയങ്ങള്‍ കൊണ്ടുവന്നപ്പോഴെല്ലാം രക്ഷാസമിതിയിലെ വീറ്റോ അധികാരമുപയോഗിച്ച് ചൈന എതിര്‍ക്കുകയായിരുന്നു.

അതിനിടെ, വിദേശകാര്യമന്ത്രി സുഷമാസ്വരാജും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തില്‍ ഇത്തവണ ചൈന എങ്ങനെ നീങ്ങുമെന്ന് കാണാന്‍ കാത്തിരിക്കുകയാണ് ലോകം.

Content Highlights: U.S., UK, France ask U.N. to blacklist  Jaish-e-Mohammad leader Masood Azhar behind Kashmir attack