മനില: വടക്കന്‍ ഫിലിപ്പീന്‍സില്‍ കനത്തനാശം വിതച്ച മാങ്ഘുട്ട് ചുഴലിക്കൊടുങ്കാറ്റ് ഞായറാഴ്ച ഹോങ്‌കോങ്ങിനെയും ദക്ഷിണചൈനയെയും ലക്ഷ്യമാക്കി നീങ്ങുന്നു. മാങ്ഘുട്ട് ഹോങ്‌കോങ് തീരത്തെത്തിയതിനെ തുടര്‍ന്ന് ഉണ്ടായ അപകടങ്ങളില്‍ നൂറോളം പേര്‍ക്ക് പരിക്കേറ്റു. 

ഹോങ്‌കോങ്ങിലും ദക്ഷിണ ചൈനയിലും അധികൃതര്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഹോങ് കോങ് അധികൃതര്‍ ചുഴലിക്കൊടുങ്കാറ്റിന്റെ അലര്‍ട്ട് ലെവല്‍ പത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. ഏറ്റവും ഉയര്‍ന്ന അലര്‍ട്ട് ലെവലാണ് പത്ത്. 

നഗരത്തിന്റെ പലഭാഗത്തും അതിശക്തമായ കാറ്റു വീശാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തെക്കു കിഴക്കന്‍ ചൈനയിലെ ഗുവാങ്ഡോങ് പ്രവിശ്യയില്‍ ഏഴു നഗരങ്ങളിലില്‍നിന്ന് അഞ്ചുലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

mangkhut
മാങ്ഘുട്ട് ചുഴലിക്കൊടുങ്കാറ്റ് ഹോങ് കോങ്ങിലെത്തിയപ്പോള്‍. ഫോട്ടോ: എ പി

മാങ്ഘുട്ടിനെ തുടര്‍ന്നുണ്ടായ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഫിലിപ്പീന്‍സില്‍ ഇതിനോടകം 28പേര്‍ മരിച്ചു. നിരവധി വീടുകള്‍ തകരുകയും ചെയ്തിട്ടുണ്ട്. 

ഫിലീപ്പിന്‍സിന്റെ വടക്കു കിഴക്കന്‍ തീരനഗരമായ ബഗ്ഗാവോയില്‍ ശനിയാഴ്ച പ്രാദേശികസമയം ഉച്ചയ്ക്ക് 1.40നാണ് മാങ്ഘുട്ട് തീരം തൊട്ടത്. ലോകത്ത് ഈ വര്‍ഷം ഇതേവരെയുണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് മാങ്ഘുട്ടെന്ന് ലോക കാലാവസ്ഥാ സംഘടന അറിയിച്ചിട്ടുണ്ട്.

content highlights: Typhoon Mangkhut travels towards Hong Kong and southern China