Angela Merkal, Image Courtesy: Reuters
ബെര്‍ലിന്‍: ജര്‍മന്‍ ജനതയുടെ എഴുപത് ശതമാനത്തേയും കൊറോണ വൈറസ് ബാധിക്കാനുള്ള സാധ്യതയുണ്ടെന്ന് ചാന്‍സലര്‍ ആംഗേല മെര്‍ക്കല്‍. രോഗവ്യാപനം തടയുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ആംഗേല മെര്‍ക്കല്‍ പറഞ്ഞു. നിലവില്‍ കൊറോണഭീഷണിയെ പ്രതിരോധിക്കുക എന്നതാണ് മുന്നിലുള്ളതെന്നും അവര്‍ അറിയിച്ചു. ബുധനാഴ്ചയാണ് മെര്‍ക്കല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
കൊറോണബാധയുയര്‍ത്തുന്ന ആശങ്ക വലുതാണന്നും എന്നാല്‍ അതിന്റെ വ്യാപ്തി അളക്കാന്‍ ഇപ്പോള്‍ സാധ്യമല്ലെന്നും മെര്‍ക്കല്‍ പറഞ്ഞു. കൊറോണയ്ക്കെതിരെ വാക്സിനോ ചികിത്സയോ നിലവിലില്ലാത്തതും വൈറസ് വ്യാപനം നിയന്ത്രണാതീതമായതിനാലും ജനതയുടെ 60-70 ശതമാനത്തോളം പേര്‍ക്ക് വൈറസ് ബാധയുണ്ടാവാനുള്ള സാധ്യത വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നതായി മെര്‍ക്കല്‍ വ്യക്തമാക്കി.
വൈറസ് പടരുന്നത് നിയന്ത്രിക്കാന്‍ ലോകം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മെര്‍ക്കല്‍ കൂട്ടിച്ചേര്‍ത്തു. എല്ലാ ജര്‍മന്‍പൗരരും വ്യക്തിശുചിത്വം നിര്‍ബന്ധമായും പാലിക്കണമെന്നും രോഗവ്യാപനം പ്രതിരോധിക്കാന്‍ സഹകരിക്കണമെന്നും മെര്‍ക്കല്‍ ആവശ്യപ്പെട്ടു. കൊറോണബാധ രാജ്യത്തിന്റെ സമ്പദ്ഘടനയെ ഏതുവിധത്തില്‍ ബാധിക്കുമെന്നതിനെ കുറിച്ച് വ്യക്തമായ ധാരണ നിലവില്‍ ലഭ്യമല്ലെങ്കിലും രോഗത്തെ പ്രതിരോധിക്കുകയാണ് പ്രധാനമെന്ന് മെര്‍ക്കല്‍ വ്യക്തമാക്കി.
എന്നാല്‍ മെര്‍ക്കലിന്റെ ഈ പ്രസ്താവന ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുമെന്ന് ചെക്ക് പ്രധാനമന്ത്രി ആന്‍ഡ്രജ് ബാബിസ് രൂക്ഷമായി വിമര്‍ശിച്ചു. കൊറോണ ബാധയെ തുടര്‍ന്ന് മൂന്ന് പേര് മരിച്ചതായി ജര്‍മനി സ്ഥിരീകരിച്ചിരുന്നു. 1567 പേര്‍ക്ക് വൈറസ് ബാധയുള്ളതായാണ് റിപ്പോര്‍ട്ട്. ജര്‍മന്‍ പാര്‍ലമെന്റംഗത്തിന് കൊറോണ വൈറസ് ബാധയുള്ളതായി ബുധനാഴ്ച സ്ഥിരീകരിച്ചിരുന്നു.
Content Highlights: Two-Thirds Of Germans May Get Coronavirus Says Angela Merkel
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..