ബ്രസല്‍സ്: തുര്‍ക്കി പ്രസിഡന്റ് റിസെപ് തയ്യിപ്പുമായുളള കൂടിക്കാഴ്ചക്കെത്തിയ യുറോപ്യന്‍ കമ്മിഷന് പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയെനുണ്ടായ അനുഭവം ലിംഗവിവേചനം സംബന്ധിച്ച പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.
യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കിളും യൂറോപ്യന്‍ കമ്മിഷന് പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയെനും തുര്‍ക്കി പ്രസിഡന്റുമായുളള കൂടിക്കാഴ്ചക്കായാണ് അങ്കാരയിലെത്തുന്നത്. മൂന്നുപേര്‍ ചേര്‍ന്ന കൂടിക്കാഴ്ചയ്ക്കായി വലിയ മുറിയിലെത്തിയ ഇവര്‍ കണ്ടത് യൂറോപ്യന്‍ യൂണിയന്-തുര്‍ക്കി പതാകകള്‍ക്ക് മുന്നിലായി ക്രമീകരിച്ചിരിക്കുന്ന രണ്ടു കസേരകള്‍ മാത്രം. ഒന്നില്‍ തുര്‍ക്കി പ്രസിഡന്റ് ഇരുപ്പുറപ്പിച്ചപ്പോള്‍ അടുത്തതില്‍ ചാള്‍സ് മൈക്കിളും ഇരുന്നു. ആകെയുളള ഇരിപ്പിടങ്ങളില്‍ ഇരുപ്പുറപ്പിച്ച പുരുഷ നേതാക്കളെ നോക്കി അമ്പരന്നു നിന്ന ഉര്‍സുലയ്ക്ക് പീന്നീട് അവര്‍ക്ക് തൊട്ടുമുന്നിലുളള ഒരു സോഫയില്‍ ഇരിപ്പിടമൊരുക്കുകയായിരുന്നു.
"Ehm" is the new term for "that’s not how EU-Turkey relationship should be". #GiveHerASeat #EU #Turkey #womensrights pic.twitter.com/vGVFutDu0S
— Sergey Lagodinsky (@SLagodinsky) April 6, 2021
Two presidents visited Turkey. Only the man was offered a chair. A protocol mishap involving Ursula von der Leyen, the European Commission president, was cited by critics as symbolic of Turkey’s treatment of women https://t.co/RfgCcoJNkg pic.twitter.com/Zu6sFPdYJo
— Andreas Harsono (@andreasharsono) April 7, 2021
ഇരിപ്പിടം കിട്ടാതെ പുരുഷ നേതാക്കന്മാര്ക്ക് മുന്നില്‍ അമ്പരന്നു നില്ക്കുന്ന ഉര്സുലയുടെ ദൃശ്യങ്ങള്‍ അതിവേഗമാണ് സാമൂഹിക മാധ്യമങ്ങള്‍ കീഴടക്കിയത്. നിരവധി പേര് സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി. അവള്‍ക്കൊരു ഇരിപ്പിടം നല്‍കൂ എന്ന ഹാഷ്ടാഗിലാണ് പലരും വീഡിയോ ദൃശ്യങ്ങള്‍ പങ്കുവെച്ചത്.
എന്നാല്‍ എല്ലാം പ്രോട്ടോക്കോള്‍ പ്രകാരമാണ് നടന്നതെന്ന് മൈക്കിളിന്റെ സംഘം വിശദീകരിച്ചു. എന്നാല്‍ യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റിനും തുര്‍ക്കി പ്രസിഡന്റിനും ഒരുക്കിയ അതേ രീതിയിലുളള ഇരിപ്പിടമാണ് ഉര്‍സുലയ്ക്കും ഒരുക്കേണ്ടിയിരുന്നതെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഉര്സുലയുടെ മുഖ്യവക്താവ് എറിക് മാനര്‍ അഭിപ്രായപ്പെട്ടു. 'ഇരിപ്പിട വിന്യാസം കണ്ട് ഉര്‍സുല നിങ്ങള്‍ വീഡിയോയില്‍ കണ്ടതുപോലെ അക്ഷരാര്‍ഥത്തില്‍ അത്ഭുതപ്പെട്ടു.' എറിക് പറയുന്നു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തന്റെ സംഘാംഗങ്ങള്‍ക്ക് അവര്‍ നിര്‍ദേശം നല്‍കിയതായും എറിക് വ്യക്തമാക്കി.
സംഭവത്തെ തുടര്‍ന്ന് മൈക്കിളിനെതിരേ വിമര്‍ശനമുയര്‍ന്നിരുന്നു. പ്രൊട്ടോക്കോള്‍ കര്‍ശനമായി പാലിച്ചതാണ് ഇത്തരമൊരു സാഹചര്യത്തിന് കാരണമായതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
എന്നാല്‍ ഇരിപ്പിട വിന്യാസം കണ്ട് ആദ്യം അല്പം അമ്പരന്നുപോയെങ്കിലും പ്രശ്നം കൂടുതല്‍ വഷളാക്കാതെ കൂടിക്കാഴ്ചയ്ക്ക് പ്രധാന്യം നല്‍കുകയായിരുന്നു ഉര്‍സുല. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉര്സുലയുടെ പ്രൊട്ടോക്കോള്‍ ടീം അവര്‍ക്കൊപ്പം തുര്ക്കിയിലെത്തിയിരുന്നില്ല. സംഭവത്തില്‍ ഇതുവരെ തുര്‍ക്കി പ്രതികരിച്ചിട്ടില്ല.