ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ | Photo : AP
പ്യോങ്യാങ്: കെ-ഡ്രാമ എന്ന പേരില്‍ പ്രശസ്തമായ ദക്ഷിണ കൊറിയന്‍ ടെലിവിഷന്‍ പരിപാടികള്‍ വീക്ഷിച്ച കുറ്റത്തിന് രണ്ട് ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉത്തരകൊറിയന്‍ ഭരണകൂടം വധശിക്ഷ നല്‍കിയതായി റിപ്പോര്‍ട്ട്. ദക്ഷിണകൊറിയ, അമേരിക്ക എന്നിവടങ്ങളില്‍ നിന്നുള്ള ടെലിവിഷന്‍ പരിപാടികളും സിനിമകളും കാണുന്നതിന് ഉത്തരകൊറിയയില്‍ വിലക്കുണ്ട്. 16, 17 പ്രായമുള്ള ആണ്‍കുട്ടികളെയാണ് വധിച്ചതെന്നാണ് റിപ്പോർട്ട്. ഒക്ടോബറിലാണ് ക്രൂരമായ സംഭവം നടന്നതെങ്കിലും ഏതാനും ദിവസം മുന്‍പാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവന്നത്.
ഒക്ടോബറില്‍ റ്യാങ്ങാങ് പ്രവിശ്യയിലെ സ്കൂളിലെ വിദ്യാർഥികളായ കുട്ടികള്‍ നിരവധി ദക്ഷിണകൊറിയന്‍, അമേരിക്കന്‍ ടിവി പരിപാടികള്‍ കണ്ടതായി ദ ഇന്‍ഡിപെന്‍ഡന്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നഗരത്തിലെ വിമാനത്താവളത്തിലെ എയര്‍ഫീല്‍ഡില്‍ ജനക്കൂട്ടത്തിന് മുമ്പിലാണ് കുട്ടികളുടെ ശിക്ഷ നടപ്പാക്കിയതെന്നാണ് ദ മിററിന്റെ റിപ്പോര്‍ട്ട്. 'അതി ഹീന'മായ പ്രവൃത്തിയാണ് കുട്ടികള്‍ ചെയ്തതെന്നും അതിനാലാണ് നഗരവാസികളുടെ മുന്നില്‍വെച്ച് ശിക്ഷ നടപ്പാക്കിയതെന്നും ഭരണകൂടം പ്രതികരിച്ചതായും റിപ്പോർട്ടിലുണ്ട്.
ഉത്തരകൊറിയന്‍ പരമാധികാരി കിം ജോങ് ഉന്നിന്റെ പിതാവും മുന്‍ രാഷ്ട്രത്തലവനുമായിരുന്ന കിം ജോങ് ഇല്ലിന്റെ ചരമവാര്‍ഷികം പ്രമാണിച്ച് പതിനൊന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. ദുഃഖാചരണവേളയില്‍ ചിരിക്കാനോ മദ്യപിക്കാനോ കടയില്‍ ചെന്ന് സാധനങ്ങള്‍ വാങ്ങാനോ പൗരര്‍ക്ക് അനുമതിയുണ്ടായിരുന്നില്ല.
രാജ്യത്ത് ദക്ഷിണ കൊറിയന്‍ ടെലിവിഷന്‍ പരിപാടികളുടെ പ്രചാരം വര്‍ധിച്ചതോടെ 2020-ല്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ള പരിപാടികള്‍ക്ക് ഭരണകൂടം വിലക്കേര്‍പ്പെടുത്തിയിരുന്നു. ദക്ഷിണ കൊറിയയില്‍ നിന്നുള്ള പരിപാടികള്‍ പെന്‍ഡ്രൈവുകള്‍ വഴി അനധികൃതമായി പകര്‍ത്തി രഹസ്യമായാണ് ജനങ്ങള്‍ കാണുന്നത്. പിടിക്കപ്പെട്ടാല്‍ പിഴയോ ജയില്‍ശിക്ഷയോ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റമാണിത്.
Content Highlights: Two North Korea Teens Executed, For Watching K-Drama, Report
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..