വാഷിങ്ടണ്‍: മൂന്നും അഞ്ചും വയസ് പ്രായമുള്ള രണ്ട് ഇക്വഡോറന്‍ പെണ്‍കുട്ടികളെ 14 അടി(നാല് മീറ്റര്‍) ഉയരമുള്ള യുഎസ്-മെക്‌സിക്കന്‍ അതിര്‍ത്തി മതിലിന് മുകളില്‍ കൂടി രാത്രിയില്‍ താഴേക്ക് ഉപേക്ഷിച്ചതായി യു.എസ്. കസ്റ്റംസ് ആന്‍ഡ് ബോർഡര്‍ പ്രൊട്ടക്ഷന്‍(സി.ബി.പി.) ഉദ്യോഗസ്ഥര്‍ ബുധനാഴ്ച അറിയിച്ചു. രണ്ട് ചെറിയ പെണ്‍കുട്ടികളെ ഒരാള്‍ മതിലിന് മുകളിലൂടെ ഉപേക്ഷിക്കുന്നത് ക്യാമറയിലൂടെ കണ്ടതായി സി.ബി.പി. പ്രസ്താവനയിലൂടെ വ്യക്തമാക്കി. 

സെന്റ് തെരേസയിലെ സി.ബി.പി. കേന്ദ്രത്തിലെത്തിച്ച കുട്ടികളെ മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം മുന്‍കരുതലെന്ന നിലയില്‍ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി. സി.ബി.പിയുടെ താത്ക്കാലിക കസ്റ്റഡിയിലാണ് കുട്ടികളിപ്പോള്‍. ചെറിയ കുട്ടികളെ അതിര്‍ത്തി മതിലിന് മുകളിലൂടെ കടത്തുകാര്‍ ഉപേക്ഷിക്കുന്ന രീതി അതിയായ ഞെട്ടലുണ്ടാക്കുന്നതായി ചീഫ് പട്രോള്‍ ഏജന്റ് ഗ്ലോറിയ ഷാവേസ് പ്രതികരിച്ചു. 

സംഭവത്തില്‍ ഉത്തരവാദികളെ കണ്ടെത്താന്‍ മെക്‌സിക്കന്‍ അധികൃതരുമായി ചര്‍ച്ച നടത്തുകയാണെന്ന് ഷാവേസ് കൂട്ടിച്ചേര്‍ത്തു. ഉദ്യോഗസ്ഥര്‍ ജാഗരൂകരായിരുന്നില്ലെങ്കില്‍ മരുഭൂമിയ്ക്ക് സമാനമായ സാഹചര്യത്തില്‍ തീരെ ചെറിയ കുട്ടികള്‍ മണിക്കൂറുകളോളം കഴിയാനിട വരുമായിരുന്നുവെന്നും ഷാവേസ് പറഞ്ഞു. 

രാജ്യത്തിന്റെ തെക്കേ അതിര്‍ത്തിയില്‍ അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ സമീപകാലത്തായി വന്‍വര്‍ധനവാണുള്ളത്. സ്വന്തം രാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന ദാരിദ്ര്യാവസ്ഥയും വര്‍ധിക്കുന്ന അക്രമവും അതിര്‍ത്തി കടക്കാന്‍ ഇവര്‍ക്ക് പ്രേരകമാകുന്നു. അഞ്ഞൂറോളം കുട്ടികള്‍ ഒപ്പം ആരുമില്ലാതെ പ്രതിദിനം അതിര്‍ത്തി കടക്കുന്നതായാണ് റിപ്പോര്‍ട്ട്. 

യു.എസ്. ഭരണകൂടത്തിന്റെ കസ്റ്റഡിയിലുള്ള കുട്ടികളുടെ പരിപാലനത്തെ കുറിച്ചുയരുന്ന വിമര്‍ശനങ്ങള്‍ പ്രസിഡന്റ് ജോ ബൈഡന് തലവേദനയായിത്തീര്‍ന്നിരിക്കുകയാണ്. അനധികൃത കുടിയേറ്റം മൂലം നിലവിലുള്ള പ്രശ്‌നം കൂടാതെയാണിത്. ഔദ്യോഗിക കണക്കനുസരിച്ച് 12,918 കുട്ടികള്‍ ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ് വകുപ്പിന്റെ കീഴില്‍ കഴിയുന്നുണ്ട്. 5,285 കുട്ടികളുടെ സുരക്ഷാചുമതല സി.ബി.പിയ്ക്കാണുള്ളത്. 

Content Highlights: Two Girls 3 And 5 Dropped Over 14-Foot Wall At US-Mexico Border