മസ്‌കറ്റ്: യെമനില്‍ വീശിയടിച്ച മെകുനു ചുഴലിക്കാറ്റ് ഒമാന്റെ ദക്ഷിണ മേഖലയില്‍ ശക്തമായി. ചുഴലിക്കാറ്റില്‍ മൂന്ന് പേർക്ക് ജീവന്‍ നഷ്ടമായി. നിരവധി പേരെ കാണാതായിട്ടുണ്ട്. കാണാതായവരില്‍ ഇന്ത്യക്കാരും ഉള്‍പെട്ടിട്ടുണ്ടെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 14 ഇന്ത്യന്‍ നാവികരെയാണ് കാണാതായതെന്ന് അല്‍ അറേബ്യയും റിപ്പോര്‍ട്ട് ചെയ്യുന്നു
ഇപ്പോള്‍ ചുഴലിക്കാറ്റ് ദോഫാര്‍ മേഖലയിലേക്ക് പ്രവേശിച്ചതായി പുറത്തുവന്ന സാറ്റലൈറ്റ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. അടുത്ത 48 മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ദക്ഷിണ ഒമാനിലെ റെയ്‌സൂത്തിനും റാഖ്യൂത്തിനും ഇടയിലുള്ള തീരദേപ്രദേശത്ത് മെകുനു ചുഴലിക്കാറ്റ് ശക്തമായതായി ഒമാന്‍ കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. മണിക്കൂറില്‍ 126-144 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. ശക്തമായ മഴയും മേഖലയില്‍ അനുഭവപ്പെട്ടു.
ശക്തമായ മഴയിലും കാറ്റിലും 40ല്‍ അധികം പേരെ കാണാതായിട്ടുണ്ട്. സ്വദേശികളെ കൂടാതെ ഇന്ത്യക്കാരും സുഡാനികളും കാണാതായവരില്‍ ഉള്‍പ്പെടുന്നു. ആയിരക്കണക്കിനു മൃഗങ്ങളെയും വെള്ളപ്പൊക്കത്തില്‍ കാണാതായിട്ടുണ്ട്. തീരദേശ മേഖലയില്‍ വൈദ്യുതി വിതരണ ശൃംഖല പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. നിരവധി വാഹനങ്ങളും വെള്ളത്തിനടിയിലായി.
Two dead as Cyclone Mekunu hits southern Oman
— Khaleej Times (@khaleejtimes) May 26, 2018
> >https://t.co/UQEx9nGDFG pic.twitter.com/70Np5oc7oU
ചുഴലിക്കാറ്റിനെ നേരിടുന്നതിന് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒമാന്‍ അധികൃതര്‍ സ്വീകരിച്ചിട്ടുള്ളത്. താഴ്ന്നപ്രദേശങ്ങളിലുള്ളവരെയെല്ലാം നേരത്തേതന്നെ മാറ്റിക്കഴിഞ്ഞു. ഒമാനിലെ മൂന്നാമത്തെ വലിയ നഗരമായ സലാലയിലും പരിസരത്തുമാണ് കാറ്റ് കൂടുതലായി വീശിയടിക്കുക എന്ന നിഗമനത്തില്‍ സലാല അന്താരാഷ്ട്ര വിമാനത്താവളം ശനിയാഴ്ചയും അടച്ചിടാന്‍ തീരുമാനിച്ചു.
Cyclone #Mekunu has already dumped nearly 200mm of rain on #Salalah (Oman) last 24hrs, similar amounts expected for Saturday. Devastating flash floods look likely. CF pic.twitter.com/yzk0Iwdaqb
— BBC Weather (@bbcweather) May 25, 2018
മെകുനു കാറ്റ് യു.എ.ഇ.യില്‍ വലിയ പ്രശ്നമൊന്നും ഉണ്ടാക്കില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. എന്നാല്‍, വടക്കുകിഴക്കന്‍ മേഖലകളില്‍ ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
യെമെനിലെ സൊകോത്ര ദ്വീപില്‍ വന്‍നാശം വരുത്തിയ ശേഷമാണ് മെകുനു ചുഴലിക്കാറ്റ് ഒമാന്റെ തീരപ്രദേശത്ത് പ്രവേശിച്ചത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇവിടെ ഏഴു പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഒട്ടേറെ ഗ്രാമങ്ങളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് സൊകോത്ര ദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. കാറ്റിലും മഴയിലുംപെട്ട് 17 പേരെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്. 200 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
Content Highlights: Cyclone Mekunu, southern Oman