മെക്‌സികോയിലെ കൊസുമെല്‍ തുറമുഖത്ത് രണ്ട് കാര്‍ണിവല്‍ കപ്പലുകള്‍(Carnival Cruises)കൂട്ടിയിടിച്ച് ആറ് പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. കാര്‍ണിവല്‍ ഗ്ലോറിയും കാര്‍ണിവല്‍ ലെജന്റും തമ്മിലുണ്ടായ കൂട്ടിയിടിയില്‍ ഒരു കപ്പലിന് കേടുപാടുണ്ടായി. കാര്‍ണിവല്‍ ക്രൂയിസ് ലൈനിന്റെ രണ്ട് കപ്പലുകള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. 

കാര്‍ണിവല്‍ ഗ്ലോറിയിലുണ്ടായിരുന്ന യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. പരിക്ക് നിസാരമാണ്. ഇടിയുടെ ആഘാതത്തില്‍ കപ്പലിന്റെ ഡെക്കിന്റെ ഒരു ഭാഗം തകര്‍ന്നു. കാര്‍ണിവല്‍ ലെജന്റ് നേരത്തെ തുറമുഖത്തെത്തിയിരുന്നു. കാര്‍ണിവല്‍ ഗ്ലോറി തുറമുഖത്തേക്ക് അടുക്കുകയായിരുന്നു. നങ്കൂരമിട്ടിരുന്ന കപ്പലില്‍ മറ്റൊരു കപ്പല്‍ വന്നിടിക്കുന്ന അപകടത്തിന് അലിഷന്‍(allision) എന്നാണ് സാങ്കേതികമായി പറയുന്നത്. 

കപ്പലുകള്‍ കൂട്ടിയിടിക്കുന്നതിന്റെ വീഡിയോയില്‍ കാര്‍ണിവല്‍ ഗ്ലോറിയുടെ കൂര്‍ത്ത മുന്‍ഭാഗം കാര്‍ണിവല്‍ ലെജന്റിന്റെ പിന്‍ഭാഗത്തെ മൂന്ന്, നാല് ഡെക്കുകളില്‍ തട്ടുന്നതും കപ്പല്‍ ഭാഗം തകരുന്നതും കാണാം. 

ലോകത്തിലെ പ്രമുഖ കപ്പല്‍ക്കമ്പനിയായ കാര്‍ണിവല്‍ കോര്‍പറേഷന്റെ പത്ത് യാത്രാ-ചരക്ക് കമ്പനികളിലൊന്നാണ് കാര്‍ണിവല്‍ ക്രൂയിസ് ലൈന്‍. കപ്പലിനുണ്ടായ നാശനഷ്ടത്തിന്റെ കണക്ക് വിശദമായ പരിശോധനയ്ക്ക് ശേഷമേ പറയാന്‍ സാധിക്കുകയുള്ളുവെന്ന് കാര്‍ണിവല്‍ ക്രൂയിസ് ലൈന്‍ വക്താവ് അറിയിച്ചു. അപകടത്തെ തുടര്‍ന്ന് കപ്പലുകളുടെ യാത്രയില്‍ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അപകടം ഗുരുതരമല്ലെന്ന് കാര്‍ണിവല്‍ ലെജന്റിലെ യാത്രക്കാരി മേരി ആന്‍ മക് കിന്‍ലി പറഞ്ഞു.  വലിയ തിരമാല ആഞ്ഞടിച്ച അനുഭവമാണുണ്ടായതെന്ന് മേരി ആന്‍ അറിയിച്ചു. കാര്‍ണിവല്‍ ഗ്ലോറിയിലെ യാത്രക്കാരന്‍ മാഡിസണ്‍ ഹെയ്ന്‍സും ഇതേ അഭിപ്രായം രേഖപ്പെടുത്തി. രാത്രിയില്‍ കാലാവസ്ഥ  മോശമായതിനെ തുടര്‍ന്ന് യാത്രയില്‍ നിസാരപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടിരുന്നതായും അതിനാല്‍ തിരമാലകള്‍ ആഞ്ഞടിക്കുന്നതാണെന്ന് കരുതിയതായും ഹെയ്ന്‍സ് പറഞ്ഞു. 

 

Content Highlights: Two Carnival cruise ships collided in Cozumel, Mexico