ഡൊണാൾഡ് ട്രംപ് | Photo: AP
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് എന്നന്നേക്കുമായി ട്വിറ്റര്‍ മരവിപ്പിച്ചു. യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കുന്നതിനാണ് അക്കൗണ്ട് നീക്കിയതെന്ന് ട്വിറ്റര്‍ അറിയിച്ചു.
ഡെമോക്രാറ്റുകളുമായി ചേര്‍ന്ന് ട്വിറ്റര്‍ ജീവനക്കാര്‍ അക്കൗണ്ട് നീക്കാന്‍ ഗൂഢോലാചന നടത്തുകയായിരുന്നുവെന്നും തന്നെ നിശബ്ദനാക്കാനാണ് ശ്രമമെന്നും ട്രംപ് പറഞ്ഞു. ഏഴരക്കോടി ദേശസ്‌നേഹികള്‍ തനിക്ക് വോട്ട് ചെയ്തതായും അദ്ദേഹം പറഞ്ഞു
ഡൊണാള്‍ഡ് ട്രംപിന്റെ അടുത്തിടെയുളള ട്വീറ്റുകള്‍ സൂക്ഷ്മം നിരീക്ഷിച്ചതിന് ശേഷം അദ്ദേഹത്തിന്റെ അക്കൗണ്ട് എന്നന്നേക്കുമായി നീക്കം ചെയ്യാന്‍ തീരുമാനിച്ചതെന്ന് ട്വിറ്റര്‍ വിശദീകരണത്തില്‍ വ്യക്തമാക്കി. ട്രംപിന്റെ ട്വീറ്റുകള്‍ അക്രമത്തിന് പ്രേരണ നല്‍കിയേക്കാമെന്ന അപകടസാധ്യത മുന്നില്‍ കണ്ടാണ് തീരുമാനം.
കാപ്പിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ പ്രക്ഷോഭത്തെ തുടര്‍ന്ന് 12 മണിക്കൂര്‍ നേരത്തേക്ക് ട്രംപിന്റെ അക്കൗണ്ട് ട്വിറ്റര്‍ മരവിപ്പിച്ചിരുന്നു. ട്വിറ്ററിന്റെ നയങ്ങള്‍ തുടര്‍ന്നും ലംഘിക്കുകയാണെങ്കില്‍ എന്നന്നേക്കുമായി അക്കൗണ്ട് സസ്പെന്‍ഡ് ചെയ്യുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു.
വ്യാഴാഴ്ച വൈകീട്ട് അക്കൗണ്ട് തിരികെ ലഭിച്ച ട്രംപ് കലാപത്തെ തളളിപ്പറഞ്ഞും ബൈഡന്റെ വിജയത്തെ അംഗീകരിച്ചും വീഡിയോ സന്ദേശം ട്വീറ്റ് ചെയ്തിരുന്നു. സമാധാനപരമായ അധികാര കൈമാറ്റമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ട്രംപ് വിശദീകരിച്ചെങ്കിലും ബൈഡനെ അഭിനന്ദിക്കാനോ അദ്ദേഹത്തിന്റെ പേര് പരാമര്‍ശിക്കാനോ ട്രംപ് തയ്യാറായില്ല.
ട്രംപിന്റെ വെള്ളിയാഴ്ചത്തെ രണ്ടുട്വീറ്റുകളുടെ പശ്ചാത്തലത്തിലാണ് അക്കൗണ്ട് എന്നന്നേക്കുമായി നീക്കം ചെയ്യാനുളള കടുത്ത തീരുമാനത്തില്‍ ട്വിറ്റര്‍ എത്തിച്ചേര്‍ന്നത്.
അമേരിക്കന്‍ പ്രസിഡന്റായി ജനുവരി 20-ന് ജോ ബെയ്ഡണ്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കുമെന്നായിരുന്നു ഒരു ട്വീറ്റ്. ഭരണകൈമാറ്റം സമാധാനപരമായിട്ടായിരിക്കും നടക്കുകയെന്ന് പരസ്യമായി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ട്രംപ് തന്റെ ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.
അക്രമങ്ങളെ മഹത്വവല്‍ക്കരിക്കുന്നതിനെതിരായ ട്വിറ്ററിന്റെ നയത്തെ ലംഘിച്ചതിന്റെ അടിസ്ഥാനത്തില്‍ അക്കൗണ്ട് എന്നന്നേക്കുമായി നീക്കം ചെയ്യുകയാണെന്നും ട്വിറ്റര്‍ വ്യക്തമാക്കി.
കാപ്പിറ്റോളില്‍ നടത്തിയ പ്രക്ഷോഭത്തില്‍ അസ്വസ്ഥരാണെന്ന് നൂറുകണക്കിന് ജീവനക്കാര്‍ ചീഫ് എക്സിക്യൂട്ടീവ് ജാക്ക് ഡോര്‍സിക്ക് അയച്ച കത്തില്‍ ഒപ്പിട്ടതായി ട്വിറ്റര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ബുധനാഴ്ച നടന്ന കലാപത്തില്‍ ട്വിറ്റര്‍ പ്ലാറ്റ്ഫോം വിനിയോഗിക്കപ്പെട്ടതിനെ കുറിച്ച് അവലോകനം ചെയ്യാന്‍ ജീവനക്കാരോട് ട്വിറ്റര്‍ ആവശ്യപ്പെട്ടതായാണ് വിവരം.
ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് ട്രംപ് വിട്ടുനില്‍ക്കുകയാണെങ്കില്‍ 1869-ല്‍ അന്നത്തെ പ്രസിഡന്റ് ആന്‍ഡ്രൂ ജോണ്‍സണ്‍ തന്റെ പിന്‍ഗാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് വിട്ടുനിന്നതാണ് ഇതിന് മുമ്പുണ്ടായ സംഭവം.
ഇതിനിടെ കാപ്പിറ്റോള്‍ മന്ദിരത്തിലെ അതിക്രമങ്ങള്‍ക്കുപിന്നാലെ ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ കൂട്ടരാജി തുടരുകയാണ്. വിദ്യാഭ്യാസസെക്രട്ടറി ബെറ്റ്സി ഡിവാസ്, ഗതാഗത സെക്രട്ടറി ഇലെയ്ന്‍ ചാവോ എന്നിവരാണ് വെള്ളിയാഴ്ച രാജി സമര്‍പ്പിച്ചത്.
വൈറ്റ്ഹൗസ് മുന്‍ ആക്ടിങ് ചീഫ് ഓഫ് സ്റ്റാഫ് മിക് മുള്‍വാനെ, വൈറ്റ്ഹൗസിലെ സാമ്പത്തിക ഉപദേശക കൗണ്‍സില്‍ ആക്ടിങ് ചെയര്‍മാന്‍ ടൈലര്‍ ഗുഡ്സ്പീഡ്, ജോണ്‍ കാസ്റ്റെല്ലോ എന്നിവരും രാജി പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlights:Twitter has permanently suspended Donald Trump's account
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..