സ്ഫോടനം നടന്ന ആശുപത്രിക്ക് സമീപം നിൽക്കുന്ന താലിബാൻ സംഘാംഗം| Photo: AFP
കാബൂള്‍: അഫ്ഗാനിസ്താനില്‍ സൈനിക ആശുപത്രിയില്‍ വെടിവെപ്പിന് പിന്നാലെ ഇരട്ട സ്ഫോടനം. ചുരുങ്ങിയത് 15 പേര് കൊല്ലപ്പെടുകയും 34 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്.
സെന്‍ട്രല്‍ കാബൂളിലെ സര്‍ദാര്‍ മുഹമ്മദ് ദൗദ് ഖാന് സൈനിക ആശുപത്രിയുടെ കവാടത്തിലാണ് സ്ഫോടനങ്ങള്‍ നടന്നത്. നാനൂറ് കിടക്കകളുള്ള ആശുപത്രിയാണിത്. പ്രദേശത്തേക്ക് സുരക്ഷാസേനയെ അയച്ചതായി ആഭ്യന്തര മന്ത്രാലയ വക്താവ് ക്വാരി സയീദ് പറഞ്ഞു.
മരണസംഖ്യയുടെ കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. എന്നിരുന്നാലും കുറഞ്ഞത് പതിനഞ്ചുപേര്‍ കൊല്ലപ്പെട്ടതായും 34 പേര്‍ക്ക് പരിക്കേറ്റതായും പേര് വെളിപ്പെടുത്താന്‍ താല്പര്യപ്പെടാത്ത താലിബാന് സുരക്ഷാ ഉദ്യേഗസ്ഥന് പറഞ്ഞു.
സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍, ഒരു കൂട്ടം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികള്‍ ആശുപത്രിയിലേക്ക് കടക്കുകയും സുരക്ഷാസേനയുമായി ഏറ്റുമുട്ടിയെന്നും ദൃക്സാക്ഷികളെ ഉദ്ധരിച്ച് ബഖ്തര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
വെടിവെപ്പിന് മിനുട്ടുകള്‍ക്കു ശേഷം വലിയ സ്ഫോടനത്തിന്റെ ശബ്ദം കേട്ടതായി ആശുപത്രിയില്‍നിന്ന് രക്ഷപ്പെട്ട ജീവനക്കാരില്‍ ഒരാള്‍ പറഞ്ഞു. ആദ്യത്തെ സ്ഫോടനം നടന്ന് പത്തുമിനിട്ടിനു ശേഷമാണ് രണ്ടാമത്തെ സ്ഫോടനം നടന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
content highlights: twin blast at afghanistan military hospital
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..