വാഷിങ്ടണ്‍: കഴിഞ്ഞ ദിവസം വാഷിങ്ടണില്‍ വാര്‍ത്താ ചാനല്‍ കാണുകയായിരുന്ന ആളുകള്‍ സ്‌ക്രീനില്‍ തെളിഞ്ഞ ദൃശ്യങ്ങള്‍ കണ്ട് ഒന്നു ഞെട്ടി. കാലാവസ്ഥാ വാര്‍ത്തയ്ക്കിടെ വാര്‍ത്താ അവതാരകയുടെ പിന്നിലെ സ്‌ക്രീനില്‍ തെളിഞ്ഞ ലൈംഗിക ദൃശ്യങ്ങള്‍ കണ്ടാണ് പ്രേക്ഷകര്‍ അമ്പരന്നത്. ഞായറാഴ്ച വൈകുന്നേരം വാഷിങ്ടണിലെ പ്രാദേശിക വാര്‍ത്താ ചാനലായ ക്രെം (KREM) ആണ് അബദ്ധത്തില്‍ പോര്‍ണോഗ്രാഫിക് വീഡിയോ സംപ്രേഷണം ചെയ്തത്.

കാലാവസ്ഥാ ശാസ്ത്രജ്ഞയായ മൈക്കേല്‍ ബോസ് ആയിരുന്നു വാര്‍ത്ത അവതരിപ്പിച്ചിരുന്നത്. കാലാവസ്ഥാ പ്രവചനം ഉള്‍പ്പെടെയുള്ളവ അവതരിപ്പിക്കുന്നതിനിടെയാണ് അവതാരകയുടെ പിന്നിലെ സ്‌ക്രീനില്‍ ഭൂപട ദൃശ്യത്തിനു പകരം അശ്ലീല ദൃശ്യങ്ങള്‍ തെളിഞ്ഞത്. ഇക്കാര്യം അറിയാതെ അവതാരക വാര്‍ത്താ വായന തുടര്‍ന്നു. 

അപ്രതീക്ഷിതമായ സംഭവം ആദ്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. പതിമൂന്ന് സെക്കന്‍ഡ് സമയം ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യപ്പെട്ട ശേഷമാണ് ചാനല്‍ കാര്യമറിഞ്ഞത്. തുടര്‍ന്ന് വാര്‍ത്താവതരണം പൊടുന്നനെ നിര്‍ത്തുകയായിരുന്നു. 

പിന്നീട് രാത്രി വാര്‍ത്തയില്‍ തങ്ങള്‍ക്കു പറ്റിയ അബദ്ധം ഏറ്റുപറഞ്ഞ് ചാനല്‍ ക്ഷമാപണം നടത്തുകയും ചെയ്തു. ആറുമണിയുടെ വാര്‍ത്തയ്ക്കിടെ അനുചിതമായ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യപ്പെട്ടതില്‍ ക്ഷമചോദിക്കുന്നെന്ന് ചാനല്‍ പറഞ്ഞു. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും ചാനല്‍ പ്രേക്ഷകര്‍ക്ക് ഉറപ്പുനല്‍കി.

എന്നാല്‍ പ്രശ്‌നം അവിടംകൊണ്ടും തീര്‍ന്നില്ല. അശ്ലീല ദൃശ്യം സംപ്രേഷണം ചെയ്തതിനെതിരേ നിരവധി പേരാണ് പോലീസിനെ സമീപിച്ചിരിക്കുന്നത്. പ്രേക്ഷകര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തതായി പരാതി ലഭിച്ചിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും പോലീസ് വക്താവ് അറിയിച്ചു.

Content Highlights: TV Channel Airs Porn Clip During Weather Report