ഇസ്താംബുള്‍: പ്രായപൂര്‍ത്തിയാകാത്തവരെ ലൈംഗികമായി ചൂഷണം ചെയ്തതിനും ക്രിമിനല്‍ സംഘം രൂപീകരിച്ചതിനും മുസ്ലീം ടെലിവിഷൻ മതപ്രഭാഷകൻ അദ്നാന്‍ ഒക്തര്‍ കുറ്റക്കാരനാണെന്ന് തുര്‍ക്കി കോടതി.
1,075 വര്‍ഷത്തെ കഠിന തടവാണ് കോടതി ശിക്ഷ വിധിച്ചത്. തന്റെ സ്വകാര്യ ടെലിവിഷന്‍ ചാനലില്‍ സ്ത്രീകള്‍ക്ക് മുന്നില്‍ മതക്ലാസുകൾ നല്‍കി പ്രശസ്തനായ വ്യക്തിയാണ് ഒക്തര്‍. ക്രിമിനല്‍ സംഘത്തെ നയിക്കുക, രാഷ്ട്രീയ, സൈനിക ചാരവൃത്തിയില്‍ ഏര്‍പ്പെടുക, പ്രായപൂര്‍ത്തിയാകാത്തവരെ ലൈംഗികമായി ദുരുപയോഗം ചെയ്യുക, ബലാത്സംഗം, ബ്ലാക്ക് മെയില്‍, പീഡനം എന്നിവ ഉള്‍പ്പെടെ 10 വ്യത്യസ്ത കുറ്റങ്ങള്‍ക്കാണ് കോടതി ഒക്തറിന് ശിക്ഷ വിധിച്ചത്.
യുഎസ് ആസ്ഥാനമായുള്ള മുസ്ലീം പുരോഹിതന്‍ ഫെത്തുല്ല ഗുലന്റെ നേതൃത്വത്തിലുള്ള ശൃംഖലയെ സഹായിക്കുകയെന്നതും ഈ കുറ്റങ്ങളില്‍ ഉള്‍പ്പെടുന്നു.
സമാനമായ കുറ്റങ്ങള്‍ക്ക് ഒക്തറിന്റെ പതിമൂന്ന് കൂട്ടാളികള്‍ക്കും കഠിന ശിക്ഷ കോടതി വിധിച്ചിട്ടുണ്ട്.
എന്നാല്‍ 64 കാരനായ ഒക്തര്‍ ആരോപണങ്ങളെല്ലാം നിഷേധിച്ചു. താന്‍ ഒരു ഗൂഢാലോചനയുടെ ഇരയാണെന്ന് പറഞ്ഞ ഒക്തര്‍ വിധിന്യായത്തിനെതിരേ അപ്പീല്‍ നല്‍കും.
ഇസ്താംബൂളിലെയും മറ്റ് നഗരങ്ങളിലെയും ഇദ്ദേഹത്തിന്റെ സ്വത്തുക്കളില്‍ 2018ൽ നടത്തിയ റെയ്ഡുകളില്‍ ഡസന്‍ കണക്കിന് അനുയായികള്‍ക്കൊപ്പം ഒക്തറും അറസ്റ്റിലായിരുന്നു
ടര്‍ക്കിഷ് മാധ്യമ നിരീക്ഷണ സ്ഥാപനം ഇദ്ദേഹത്തിന്റെ ടിവി ചാനലിന് പിഴ ചുമത്തുകയും അദ്ദേഹത്തിന്റെ ഷോകളുടെ പ്രക്ഷേപണം താത്ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തതിനു പിന്നാലെയായിരുന്നു അറസ്റ്റ്.
content highlights: Turkish televangelist Adnan Oktar sentenced to 1,075 years