ഈസ്താംബൂള്‍: തുര്‍ക്കിയിലെ പ്രശസ്തമായ ഹഗിയ സോഫിയ നിര്‍മിതി ഇനി മുസ്‌ലിം ആരാധനാലയം. പ്രസിഡന്റ് തയ്യിപ് എര്‍ദോഗനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഹഗിയ സോഫിയയുടെ മ്യൂസിയം പദവി കോടതി റദ്ദാക്കിയതിനു പിന്നാലെയാണ് എര്‍ദോഗന്റെ പ്രഖ്യാപനം.

മുസ്‌ലിം ആരാധനാലയമാക്കി മാറ്റിയതിനു ശേഷമുള്ള ആദ്യ പ്രാര്‍ഥന ജൂലൈ 24ന് നടക്കുമെന്നും എര്‍ദോഗന്‍ അറിയിച്ചു. പ്രദേശവാസികള്‍ക്കും വിദേശികള്‍ക്കും മുസ്‌ലിങ്ങള്‍ക്കും അമുസ്‌ലിങ്ങള്‍ക്കും ഹഗിയ സോഫിയയില്‍ പ്രവേശനം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആറാംനൂറ്റാണ്ടില്‍ നിര്‍മിച്ച ഹഗിയ സോഫിയ യഥാര്‍ഥത്തില്‍ ക്രിസ്ത്യന്‍ ദേവാലയമായിരുന്നു. തുടര്‍ന്ന് 1453ല്‍ ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ വരവോടെ മുസ്‌ലിം ആരാധനാലയമാക്കി മാറ്റി. 1934ല്‍ ഹഗിയ സോഫിയയെ മ്യൂസിയമായി പ്രഖ്യാപിച്ചു. നിലവില്‍ യു.എന്നിന്റെ പൈതൃക പട്ടികയില്‍ ഹാഗിയ സോഫിയ ഉള്‍പ്പെട്ടിട്ടുണ്ട്.

ഹഗിയ സോഫിയയെ വീണ്ടും മുസ്‌ലിം ആരാധനാലയമാക്കി മാറ്റണമെന്ന് രാജ്യത്തെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യത്തിനെതിരെ നിരവധിപ്പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

content highlights: turkey turns hagia sofia into mosque