തുർക്കിയിലെ ഹതെയിൽ ഭൂകമ്പത്തിൽ തകർന്ന കെട്ടിടത്തിൽനിന്ന് രണ്ടുദിവസത്തിനു ശേഷം രക്ഷാപ്രവർത്തകർ ബെലൻ എന്ന കുട്ടിയെ രക്ഷിച്ചപ്പോൾ | Photo: AP
ഗാസിയെന്റപ്: തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ 21000 കവിഞ്ഞു. കടുത്ത മഞ്ഞു വീഴ്ചയും അടിക്കടിയുണ്ടാകുന്ന മഴയും നാലാം ദിവസവും തുടരുന്ന രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.
വൈദ്യുതിയും ഇന്ധനവും ഭക്ഷണവും അഭയകേന്ദ്രങ്ങളുമില്ലാത്തവര്‍ മരംകോച്ചുന്നതണുപ്പില്‍ വിറങ്ങലിക്കുകയാണെന്നാണ് പുറത്തു വരുന്ന വിവരം. ഇത് ഭൂകമ്പത്തില്‍ രക്ഷപ്പെട്ടവരുടെ അതിജീവനം ദുഷ്‌കരമാക്കുന്നു. പലയിടത്തും ദുരിതാശ്വാസപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു.
നാലു ദിവസം കഴിഞ്ഞും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ചിലരെയെങ്കിലും ജീവനോടെ പുറത്തെടുക്കാന്‍ കഴിയുന്നത് രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷയ്ക്ക് വകനല്‍കി. ഭൂകമ്പം ഏറ്റവുംകൂടുതല്‍ നാശംവിതച്ച അന്താക്യയില്‍ പ്രതികൂലകാലാവസ്ഥയ്ക്കിടയിലും രാപകല്‍ഭേദമെന്യേ തിരച്ചില്‍ തുടരുകയാണ്.
ഭൂകമ്പപ്രഭവകേന്ദ്രമായ തുര്‍ക്കിയില്‍മാത്രം 13,500-ലേറെ പേര്‍ മരിച്ചെന്നും അറുപതിനായിരത്തില്‍പ്പരം ആളുകള്‍ക്ക് പരിക്കേറ്റെന്നും തുര്‍ക്കിഷ് ദുരന്തനിവാരണ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സിറിയയില്‍ 3500-ലേറെ പേര്‍ മരിച്ചതായും 5000 പേര്‍ക്ക് പരിക്കേറ്റതായുമാണ് ഔദ്യോഗികകണക്കുകള്‍. പതിനായിരക്കണക്കിന് ആളുകള്‍ക്കാണ് വീടും കുടിയും നഷ്ടപ്പെട്ടത്.
കനത്ത മഞ്ഞുവീഴ്ചയില്‍ തീകത്തിച്ചും തകര്‍ന്നവീടുകളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ അഭയം തേടിയും സന്നദ്ധപ്രവര്‍ത്തകര്‍ കൈമാറിയ കമ്പിളി പുതച്ചും മിക്കവരും രാത്രികഴിച്ചുകൂട്ടി. നിലംപതിച്ച ബഹുനിലക്കെട്ടിടങ്ങളുടെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ വൈകുന്നത് ഇടയില്‍ പെട്ടുപോയ ആളുകളെ രക്ഷിക്കാന്‍ വൈകുന്നുവെന്ന പരാതിയും ഉയരുന്നുണ്ട്. മഞ്ഞുവീഴ്ചയെ വകവെക്കാതെ ഉറ്റവരെ സ്വന്തംനിലയ്ക്ക് തിരയുന്നവരും കുറവല്ല.
തുര്‍ക്കി പ്രസിഡന്റ് രജബ്തയ്യിപ് ഉര്‍ദുഗാന്‍ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ദുരന്തത്തെ നേരിടാന്‍ അടിയന്തരസഹായം ലഭ്യമാക്കുന്നതില്‍ തുര്‍ക്കിസര്‍ക്കാരിന്റെ ഭാഗത്ത് വന്‍വീഴ്ച പറ്റിയെന്ന് വ്യാപകവിമര്‍ശനമുണ്ട്. 1,10,000 സന്നദ്ധപ്രവര്‍ത്തകരടങ്ങിയ സംഘങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിനായി ദുരന്തമുഖത്തുള്ളത്.
Content Highlights: turkey, syria, earthquake, death, rescue operations works round the clock
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..