ഭൂചലനത്തിൽ തകർന്ന കെട്ടിടം | Photo: AFP
ഈസ്താംബുള്‍: തുര്‍ക്കിയിലും അയല്‍രാജ്യമായ സിറിയയുടെ വടക്കന്‍ ഭാഗത്തുമുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണസംഖ്യ 1,702 ആയി. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തിങ്കളാഴ്ച രാവിലെയുണ്ടായത്. ഇരുരാജ്യങ്ങളിലും വലിയ നാശനഷ്ടവും സംഭവിച്ചു.
മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. നൂറ് കണക്കിനാളുകള്‍ കെട്ടിടാവശിഷ്ടങ്ങളിലും മറ്റും കുടുങ്ങിക്കിടക്കുന്നുണ്ട്. തുര്‍ക്കിയില്‍ 1,121 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. സിറിയയിലെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 326 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 1042-ല്‍ ഏറെ പേര്‍ക്ക് പരിക്കേറ്റു. വിമതരുടെ അധീനതയിലുള്ള പ്രദേശത്ത് 255 മരണവുമുണ്ടായി. 811 പേര്‍ക്ക് ഇവിടെ പരിക്കേറ്റതായാണ് കണക്ക്.
സിറിയയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്ക്- കിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പില്‍ 17.9 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പ്രാദേശിക സമയം തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് ഭൂചലനമുണ്ടായത്. തൊട്ടുപിന്നാലെ 6.7 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവും അനുഭവപ്പെട്ടു. തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയിലും സമീപമുള്ള പത്തോളം നഗരങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനമുണ്ടായി. നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് ഭൂചലനമുണ്ടായത്.
അതേസമയം, തിരച്ചിലിനായി ദേശീയ ദുരന്തനിവാരണ സേനയെ അയക്കാന്‍ കേന്ദ്രസർക്കാർ തീരുമാനിച്ചു. സാധ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് തീരുമാനമുണ്ടായത്. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ. മിശ്രയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ദുരന്തനിവാരണത്തിനായി ലഭ്യമാക്കേണ്ട അടിയന്തരസഹായങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു.
നൂറുപേരടങ്ങുന്ന രണ്ടുസംഘത്തെയാണ് ദുരന്തബാധിത പ്രദേശത്തേക്ക് അയയ്ക്കുക. പ്രത്യേക പരിശീലനം നല്‍കിയ നായകളും സംഘത്തിന്റെ ഭാഗമാകും. വൈദ്യസംഘത്തേയും അയക്കാന്‍ തീരുമാനമായിട്ടുണ്ട്. തുര്‍ക്കി സര്‍ക്കാരും അങ്കാറയിലെ ഇന്ത്യന്‍ എംബസിയുമായും ഇസ്താംബുളിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായും ഏകോപിപ്പിച്ചായിരിക്കും ദുരന്തനിവാരണ സഹായങ്ങള്‍ എത്തിക്കുക. യോഗത്തില്‍ ക്യാബിനറ്റ് സെക്രട്ടറി, അഭ്യന്തര- പ്രതിരോധ- വിദേശകാര്യ- സിവില്‍ ഏവിയേഷന്‍- ആരോഗ്യ മന്ത്രാലയങ്ങളുടേയും എന്‍.ഡി.ആര്‍.എഫിന്റേയും എന്‍.ഡി.എം.എയുടേയും പ്രതിനിധി തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: turkey syria earth quake death toll india to send to teams of ndrf
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..