രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
ഗാസിയന്റെപ് (തുര്‍ക്കി): ഭൂകമ്പത്തില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടല്ലോ എന്ന ആശ്വാസമല്ല, ഇനിയെങ്ങനെ ജീവിക്കുമെന്ന ആധിയാണ് സിഹീദി സുത്കുവിന്. വീടും സ്വരുക്കൂട്ടിവെച്ചതുമെല്ലാം നഷ്ടമായി. മറ്റ് ഒട്ടേറെപ്പേരെപ്പോലെ അടുത്തുള്ള വിമാനത്താവളത്തില്‍, കിട്ടിയ കമ്പിളിപുതച്ച് കിടക്കുകയാണ് സുത്കുവും രണ്ടുമക്കളും. ''കെട്ടിടങ്ങള്‍ വീഴുന്നത് ഞങ്ങള്‍ കണ്ടു. ജീവിച്ചിരിക്കുന്ന ഞങ്ങള്‍ ഭാഗ്യമുള്ളവരാണെന്നുമറിയാം. പക്ഷേ, ഇപ്പോള്‍ ഞങ്ങളുടെ ജീവിതം മുഴുവന്‍ അനിശ്ചിതത്വത്തിലാണ്. ഈ കുട്ടികളെ ഞാനെങ്ങനെ പോറ്റും?'' -അവര്‍ ചോദിക്കുന്നു.
മഞ്ഞും മഴയും സഹിച്ച് ബസ്‌കാത്തിരിപ്പുപുരകളിലും സ്‌കൂളുകളിലും പള്ളികളിലും അഭയംതേടിയിരിക്കുന്നു ആയിരങ്ങള്‍. കൈയില്‍ക്കിട്ടുന്നവ കത്തിച്ച് തീകായുന്നു. പൊട്ടിത്തെറി ഭയന്ന് പ്രകൃതിവാതകക്കുഴലുകള്‍ അധികൃതര്‍ അടച്ചു. ഗാസിയന്റെപ്പിലും പരിസരത്തും കടകളൊന്നും തുറക്കുന്നില്ല. പെട്രോളും കിട്ടാനില്ല.
രക്ഷാ-ദുരിതാശ്വാസ സഹായങ്ങളെത്തുന്നതിന് എടുക്കുന്ന കാലതാമസത്തില്‍ നിരാശരാണ് എല്ലാവരും. ''അവശിഷ്ടങ്ങളില്‍നിന്ന് എനിക്കെന്റെ സഹോദരനെ കിട്ടിയിട്ടില്ല. എന്റെ അനന്തരവനെ കിട്ടിയിട്ടില്ല. ഇവിടെല്ലാമൊന്നു നോക്കൂ. സര്‍ക്കാരിന്റെ ആരെങ്കിലുമുണ്ടോ'' -കഹ്റാമന്‍മാരസില്‍നിന്നുള്ള അലി സഗിരോഗ്ലു മാധ്യമപ്രവര്‍ത്തകരോട് പരിഭവിച്ചു. ''രണ്ടുദിവസമായി. സര്‍ക്കാരില്‍നിന്ന് ആരും ഇവിടൈയത്തിയിട്ടില്ല. ഈ മഞ്ഞില്‍ കുട്ടികള്‍ തണുത്തുമരവിക്കുകയാണ്'' -അദ്ദേഹം പറഞ്ഞു.
രക്ഷാപ്രവര്‍ത്തകരെത്താന്‍ കാത്തുനിന്ന് നാട്ടുകാര്‍ ബഹളം കൂട്ടിയതിനെത്തുടര്‍ന്ന് പോലീസിന് ഇടപെടേണ്ടിവന്നു എന്നുപറയുന്നു സെലാല്‍ ഡെനിസ്. ഗാസിയന്റെപ്പിലെ പ്രധാന ശ്മശാനത്തില്‍ ഒരുസയമയം 10 മൃതദേഹങ്ങളാണ് കബറടക്കുന്നത്.
2.3 കോടിആളുകള്‍ദുരിതത്തില്‍
ആന്താക്യ (തുര്‍ക്കി): ഭൂകമ്പം നാശംവിതച്ച തുര്‍ക്കിയിലും സിറിയയിലും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് കൂടുതല്‍ മൃതദേഹങ്ങള്‍ ബുധനാഴ്ച കണ്ടെടുത്തു. ഇതോടെ മരണസംഖ്യ 12,000 കടന്നു.
ഭൂകമ്പമുണ്ടായി 72 മണിക്കൂര്‍ പിന്നിട്ടു. കാലാവസ്ഥ പ്രതികൂലമായി തുടരുന്നതിനാല്‍ കൂടുതല്‍പ്പേരെ രക്ഷിക്കാമെന്ന പ്രതീക്ഷ മങ്ങുകയാണ്. മരണസംഖ്യ 20,000 കടക്കുമെന്ന ആശങ്കയിലാണ് ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.). രണ്ടുരാജ്യങ്ങളിലുമായി 2.3 കോടിപ്പേരെ ദുരന്തം ബാധിച്ചിട്ടുണ്ടെന്നാണ് ഡബ്ല്യു.എച്ച്.ഒ.യുടെ വിലയിരുത്തല്‍. തുര്‍ക്കിയില്‍മാത്രം 1.35 കോടി ദുരിതബാധിതരുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
9057 പേര്‍ മരിച്ചതായി തുര്‍ക്കിയിലെ ഔദ്യോഗിക ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. പൂജ്യം ഡിഗ്രി സെല്‍ഷ്യസ് വരെ താഴുന്ന താപനിലയോടും ഇടയ്ക്കിടെ പെയ്യുന്ന മഴയോടും മല്ലിട്ടാണ് രക്ഷാപ്രവര്‍ത്തനം.
കാലാവസ്ഥ പ്രതികൂലമായത് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും ജീവകാരുണ്യസംഘടനയായ റെഡ് ക്രെസന്റിന്റെ തുര്‍ക്കിയിലെ തലവന്‍ കെരീം കിനിക് പറഞ്ഞു. രക്ഷാപ്രവര്‍ത്തനം വൈകുന്നതില്‍ തുര്‍ക്കിയില്‍ രോഷമുയരുകയാണ്. തെക്കന്‍ തുര്‍ക്കിയിലെ ഭൂകമ്പബാധിതപ്രദേശങ്ങള്‍ പ്രസിഡന്റ് രജബ് തയ്യിപ് ഉര്‍ദുഗാന്‍ ബുധനാഴ്ച സന്ദര്‍ശിച്ചു.
തടസ്സമായി മഞ്ഞുവീഴ്ച, റോഡ് തകര്‍ച്ച
വിവിധരാജ്യങ്ങളില്‍നിന്ന് സഹായങ്ങള്‍ എത്തിയിട്ടുണ്ടെങ്കിലും ഭൂകമ്പത്തില്‍ റോഡുകള്‍ തകര്‍ന്നതും മഞ്ഞുവീഴ്ചമൂലം വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിക്കാത്തതും ദുരന്തബാധിതര്‍ക്ക് ഇവ എത്തിക്കുന്നതിന് തടസ്സമാവുകയാണ്. പലയിടത്തും നാട്ടുകാര്‍തന്നെയാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ പുറത്തെടുക്കുന്നത്. യുദ്ധഭൂമിയായ സിറിയയിലെ വിമതമേഖലകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന വൈറ്റ് ഹെല്‍മെറ്റ് സംഘടന അന്താരാഷ്ട്ര സഹായമഭ്യര്‍ഥിച്ചു. സമയം അതിവേഗം കടന്നുപോവുകയാണെന്നും ഓരോസെക്കന്‍ഡിലും ആളുകള്‍ മരിക്കുകയാണെന്നും സംഘടനയുടെ വക്താവ് മുഹമ്മദ് ഷിബ്ലി പറഞ്ഞു.
അവശിഷ്ടങ്ങളില്‍ ജീവന്റെ തുടിപ്പുകള്‍
തുര്‍ക്കിയിലെ ഹതായില്‍ മൂന്നുകുട്ടികളെ രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ പുറത്തെടുത്തു. 'പെട്ടെന്നാണ് ചില ഒച്ചകള്‍ കേട്ടത്. കുഴിച്ചുചെന്നപ്പോള്‍ അവര്‍ മൂന്നുപേരുണ്ടായിരുന്നു'വെന്ന് രക്ഷാപ്രവര്‍ത്തകന്‍ അല്‍പെരെന്‍ സെറ്റിന്‍കയ പറഞ്ഞു. ഇവിടെ കൂടുതല്‍പ്പേരെ രക്ഷപ്പെടുത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സെറ്റിന്‍കയയും സംഘവും. കഴിഞ്ഞദിവസം നവജാതശിശുവിനെ രക്ഷിച്ച സിറിയയിലെ ജിന്‍ഡേരിസില്‍നിന്ന് മൂന്നുകുട്ടികളെക്കൂടി രക്ഷപ്പെടുത്തി. സിറിയയില്‍ രക്ഷപ്പെട്ടവരെക്കാള്‍ കൂടുതല്‍പ്പേര്‍ അവശിഷ്ടങ്ങള്‍ക്കടിയിലുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഇന്ത്യക്കാരനെ കാണാനില്ല
ന്യൂഡല്‍ഹി: തുര്‍ക്കിയിലെ ഭൂകമ്പബാധിത പ്രദേശങ്ങളില്‍ പത്ത് ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഇവര്‍ സുരക്ഷിതരാണെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ആകെ മൂവായിരത്തോളം ഇന്ത്യക്കാരാണ് തുര്‍ക്കിയിലുള്ളതെന്നും ഇതുവരെയുള്ള വിവരങ്ങള്‍ പ്രകാരം ഇവര്‍ താരതമ്യേന സുരക്ഷിതരാണെന്നും മന്ത്രാലയം സെക്രട്ടറി (വെസ്റ്റ്) സഞ്ജയ് വര്‍മ പത്രസമ്മേളനത്തില്‍ പറഞ്ഞു.
വ്യാപാര ആവശ്യത്തിനായി പോയ വ്യക്തിയെയാണ് കാണാതായത്. അദ്ദേഹത്തിനായി അന്വേഷണം നടക്കുകയാണ്. കുടുങ്ങിക്കിടക്കുന്ന പത്തുപേരുമായും ബന്ധപ്പെടാനായി. എല്ലാവരും സുരക്ഷിതരാണ്.
സഹായത്തിനായി സമീപിച്ച മൂന്ന് ഇന്ത്യക്കാരെ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിച്ചു. നിലവില്‍ രക്ഷാപ്രവര്‍ത്തനത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കേരളം നല്‍കും10 കോടി
തിരുവനന്തപുരം: ഭൂകമ്പത്തില്‍ ഇരയായവരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 10 കോടി നല്‍കും. നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്കു മറുപടിപറഞ്ഞ മന്ത്രി കെ.എന്‍. ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. ജീവന്‍ നഷ്ടമായവര്‍ക്ക് ബുധനാഴ്ച നിയമസഭ ആദരാഞ്ജലിയര്‍പ്പിച്ചു.
തകര്‍ന്നുപോയ ഭൂപ്രദേശത്തെയും ജനതയെയും പൂര്‍വസ്ഥിതിയിലേക്ക് കൊണ്ടുവരാന്‍ ലോകത്തോടൊപ്പം നമ്മുടെ നാടും കൈകോര്‍ക്കണമെന്ന് പ്രമേയത്തില്‍ മുഖ്യമ?ന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു.
Content Highlights: Turkey Syria earth quake
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..