ജക്കാര്‍ത്ത( ഇൻഡൊനീഷ്യ):  ഒരാഴ്ച മുമ്പ് ഭൂകമ്പത്തില്‍ 17 പേര്‍ മരിച്ചതിന് പിന്നാലെ ഇൻഡൊനീഷ്യയില്‍ വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലിൽ ഏഴ് രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇതിന് പിന്നാല സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇൻഡൊനീഷ്യന്‍ ദ്വീപായ ലൊമ്പോക്കിലാണ് ഭൂചലനമുണ്ടായത്. 

ഭൗമോപരിതലത്തില്‍ നിന്ന് 10 കിലോമീറ്റര്‍ താഴെയാണ് പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ കണ്ടെത്തി. ഇതിന് പിന്നാലെയൈാണ് അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കിയത്. ആളുകളോട് കടല്‍തീരത്തുനിന്ന് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉയരമുള്ള സ്ഥലത്തേക്ക് മാറാനും ആശങ്കപ്പെടേണ്ടതില്ലെന്നും ഇൻഡൊനീഷ്യന്‍ ഭൗമപഠനകേന്ദ്രം പ്രാദേശിക ചാനലുകളില്‍ കൂടി ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. 

നിര്‍ദേശം സ്വീകരിച്ച് ആളുകള്‍ ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ലോകത്ത് പ്രകൃതി ദുരന്തങ്ങള്‍ക്ക് ഏറ്റവും സാധ്യതകൂടുതലുള്ള രാജ്യമാണ് ഇൻഡൊനീഷ്യ. പസഫിക് റിങ് ഓഫ് ഫയര്‍ എന്ന മേഖലയിലാണ് ഇൻഡൊനീഷ്യ സ്ഥിതിചെയ്യുന്നത്. നിരവധി സജീവ അഗ്നിപര്‍വതങ്ങളുള്ള മേഖലയാണിത്. 2004 ല്‍ സുമാത്ര ദ്വീപിലുണ്ടായ ഭൂചലനത്തിന്  പിന്നാലെയുണ്ടായ സുനാമിയില്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നായി 220,000 ആളുകള്‍ മരിച്ചിരുന്നു.