വാഷിങ്ടണ്‍: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്‌ഫോടനത്തെ ലോകനേതാക്കളില്‍ പലരും അപലപിക്കുകയുണ്ടായി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്‌ഫോടനത്തെ അപലപിച്ച് ട്വീറ്റ് ചെയ്‌തെങ്കിലും അതില്‍ ഒരു പിഴവ് സംഭവിച്ചു. ശ്രീലങ്കയില്‍ നടന്ന സ്‌ഫോടനത്തില്‍ 138 പേര്‍ കൊല്ലപ്പെട്ടു എന്നതിന് പകരം 138 മില്യണ്‍ പേര്‍ കൊല്ലപ്പെട്ടു എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. 

'ശ്രീലങ്കയില്‍ നടന്ന ദാരുണമായ സ്‌ഫോടനങ്ങളില്‍ 138 മില്യണ്‍ ആളുകള്‍ കൊല്ലപ്പെടുകയും 600 ല്‍ കൂടുതല്‍ ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയത സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. ഞങ്ങള്‍ സഹായിക്കാന്‍ സന്നദ്ധരാണ്'- ട്രംപ് ട്വീറ്റ് ചെയ്തു. 

Donald Trump

തെറ്റ് മനസ്സിലാക്കിയ ഉടന്‍ ട്വീറ്റ് നീക്കം ചെയ്യുകയും തെറ്റ് തിരുത്തി പുതിയ ട്വീറ്റ് പോസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ആദ്യത്തെ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

 പ്രദേശിക സമയം 8.45 ഓടെയാണ് കൊളമ്പോയിലെ വിവിധ പ്രദേശങ്ങളില്‍ വന്‍ സ്‌ഫോടനങ്ങള്‍ നടന്നത്. 35 വിദേശികളടക്കം 156 പേര്‍ മരിച്ചതായും അഞ്ഞൂറോളം പേര്‍ക്ക് പരിക്കേറ്റതായുമാണ് അവസാന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

content highlights: Trump Tweets Wrong Figure For Number Of Dead In Sri Lanka