വാഷിങ്ടണ്‍: അമേരിക്കയുടെ തെക്കന്‍ അതിര്‍ത്തിയ്ക്കും മെക്‌സിക്കോയ്ക്കും ഇടയില്‍ നിര്‍മിക്കാന്‍ തീരുമാനിച്ച മതിലിന്റെ ചെലവു കണ്ടെത്താന്‍ പുതിയ ആശയവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മെക്‌സിക്കോയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്തി മതില്‍ നിര്‍മാണത്തിനുള്ള പണം കണ്ടെത്താന്‍ ട്രംപ് ആലോചിക്കുന്നതായി വൈറ്റ് ഹൗസ് വക്താവ് വെളിപ്പെടുത്തി.

മെക്‌സിക്കോയ്ക്കും അമേരിക്കയ്ക്കും ഇടയില്‍ മതില്‍ പണിയുന്നത് സംബന്ധിച്ച ഉത്തരവില്‍ ബുധനാഴ്ചയാണ് ട്രംപ് ഒപ്പിട്ടത്. മതില്‍ പണിയുന്നതിനുള്ള പണം മെക്‌സിക്കോ നല്‍കണമെന്ന നിലപാടാണ് ട്രംപിനുള്ളത്. ഇത്തരത്തില്‍ മതില്‍ പണിയുമെന്ന് തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ട്രംപിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു.

എന്നാല്‍ മതിലിനുള്ള ചെലവ് ആര് വഹിക്കും എന്ന കാര്യത്തില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. മക്‌സിക്കോയുടെ ചെലവില്‍ മതില്‍ നിര്‍മിക്കുക എന്ന ആശയം ഒരിക്കലും നടക്കാന്‍ പോകുന്നില്ലെന്ന് പ്രസിഡന്റ് എന്റിക് പെന നേറ്റോ വ്യക്തമാക്കുകയും ചയ്തിരുന്നു. തുടര്‍ന്ന് വാഷിങ്ടണ്‍ സന്ദര്‍ശനത്തില്‍നിന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് പിന്‍വാങ്ങിയിരുന്നു. 

ഇതിനു പിന്നാലെയാണ് മതില്‍ നിര്‍മാണത്തിന് പണം കണ്ടെത്തുന്നത് സംബന്ധിച്ച് ട്രംപ് വിദഗ്ധരുമായി ചര്‍ച്ച നടത്തുകയും മെക്സിക്കോയില്‍നിന്നുള്ള ഇറക്കുമതിയ്ക്ക് ടാക്‌സ് ഏര്‍പ്പെടുത്തി മതില്‍ നിര്‍മാണം നടത്താനുള്ള തീരുമാനത്തിലേയ്ക്ക് എത്തുകയും ചെയ്തത്. 20 ശതമാനം നികുതി ഏര്‍പ്പെടുത്തി പ്രതിവര്‍ഷം 100 കോടി ഡോളര്‍ കണ്ടെത്താനാകുമെന്നാണ് കണക്കുകൂട്ടല്‍.