വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റായി അധികാരമേറ്റതിനു പിന്നാലെ, സാങ്കേതികരംഗത്ത് വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികൾക്കുള്ള വിസാ (എച്ച്-1ബി) പദ്ധതിയെ കുറിച്ചുള്ള ചർച്ചകൾക്ക് ഊന്നൽ നൽകി ഡൊണാൾഡ് ട്രംപ്. വളരെ കഴിവുള്ളവരെ താൻ ഇഷ്ടപ്പെടുന്നതായും അത്തരം ആളുകളാണ് അമേരിക്കയിലേക്ക് വരേണ്ടതെന്നും വൈറ്റ് ഹൗസിലെ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
എച്ച്-1ബി വിസയെ അനുകൂലിക്കുന്നവരുടെയും എതിർക്കുന്നവരുടെയും വാദങ്ങളോടൊപ്പം താൻ നിൽക്കുന്നുവെന്ന് പറഞ്ഞ ട്രംപ്, എന്നാൽ കഴിവും ഗുണനിലവാരവുമുള്ള ആളുകൾ നമ്മുടെ രാജ്യത്തേക്ക് വരട്ടെയെന്നും ഇതിലൂടെ നമുക്ക് വ്യവസായങ്ങൾ വികസിപ്പിക്കാനാകുമെന്നും വ്യക്തമാക്കി.
സാങ്കേതികരംഗത്തെ മികവിനായി വിദേശരാജ്യങ്ങളിൽനിന്നുള്ള എൻജിനീയറിങ് രംഗത്തെ പ്രതിഭകളെ അമേരിക്കയിലേക്ക് എത്തിക്കാനാകുമെന്നതിനാൽ, ഇലോൺ മസ്ക് ഉൾപ്പടെ ട്രംപിന്റെ അടുത്ത അനുയായികൾ എച്ച്-1ബി വിസയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതാണ് എച്ച്-1ബി വിസയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ട്രംപ് പ്രാധാന്യം നൽകുന്നത്. എന്നാൽ, അമേരിക്കക്കാരുടെ ജോലി നഷ്ടമാകുമെന്നതിനാൽ ട്രംപിന്റെ മറ്റുചില അനുയായികൾ എച്ച്-1ബി വിസയെ എതിർക്കുന്നുമുണ്ട്.
സാങ്കേതികരംഗത്ത് വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികൾക്കുള്ള യുഎസ്സിന്റെ താൽകാലിക വിസയാണ് എച്ച്-1ബി വിസ. നിലവിൽ ഈ വിസകളിൽ 72 ശതമാനവും ഇന്ത്യൻ പൗരന്മാരാണ്. ട്രംപ് തന്റെ രണ്ടാംസർക്കാരിൽ പുതുതായി ആവിഷ്കരിക്കുന്ന കാര്യക്ഷമതാ വകുപ്പിന്റെ(ഡോജ്) ചുമതലക്കാരായ ഇലോൺ മസ്കും വിവേക് രാമസ്വാമിയുമാണ് നൈപുണിയുള്ള വിദേശ തൊഴിലാളികൾക്ക് വിസ നൽകുന്നത് കൂട്ടണമെന്നു വാദിക്കുന്നത്. കുടിയേറ്റം കുറയ്ക്കണമെന്ന് ശക്തമായി വാദിക്കുന്ന റിപ്പബ്ലിക്കന്മാരിൽ പലർക്കും ഇക്കാര്യത്തിൽ വിയോജിപ്പാണെന്നാണ് റിപ്പോർട്ട്. ‘അമേരിക്ക ഒന്നാമത്’ എന്ന ട്രംപിന്റെ പ്രഖ്യാപിത നയത്തെ ദുർബലപ്പെടുത്തുന്ന കുടിയേറ്റനയമാണിതെന്നാണ് ഇവർ ആരോപിക്കുന്നത്.
അമേരിക്കയുടെ സാങ്കേതികരംഗത്തെ മികവിനായി വിദേശരാജ്യങ്ങളിൽനിന്നുള്ള എൻജിനീയറിങ് രംഗത്തെ പ്രതിഭകളെ ആകർഷിക്കേണ്ടതുണ്ടെന്ന് മസ്ക് ഇടയ്ക്കിടെ എക്സിലൂടെ ഊന്നിപ്പറയുന്നു. നിയമപരമായ കുടിയേറ്റം വഴി എൻജിനീയറിങ് രംഗത്തെ ഏറ്റവും ഉയർന്നകഴിവുള്ള 0.1 ശതമാനം പേരെ അമേരിക്കയിലെത്തിക്കണമെന്നും അത് രാജ്യത്തിന്റെ വിജയത്തിന് അത്യാവശ്യമാണെന്നുമാണ് മസ്കിന്റെ നിലപാട്.
Content Highlights: Trump says We need great people come to US H1B visa debate
Published: 22 Jan 2025, 11:09 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented