-
വാഷിങ്ടണ്‍: യുഎസ് കപ്പലുകള്‍ക്ക് നേരെ ഇറാന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള അക്രമണമുണ്ടായാല്‍ അവരുടെ എല്ലാ ഗണ്‍ബോട്ടുകളും തകര്‍ത്ത് തരിപ്പണമാക്കാന്‍ നിര്‍ദേശം നല്‍കിയതായി ഡൊണാള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് യുഎസ് പ്രസിഡന്റ് ഇക്കാര്യം അറിയിച്ചത്.
'ഞങ്ങളുടെ കപ്പലുകളെ കടലില്‍ ഉപദ്രവിച്ചാല്‍ എല്ലാ ഇറാനിയന്‍ ഗണ്‍ബോട്ടുകളും വെടിവെച്ചിടുകയും തകര്‍ക്കുകയും ചെയ്യാന്‍ ഞാന്‍ യുഎസ് നാവികസേനക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്' ട്രംപ് ട്വീറ്റ് ചെയ്തു.
ട്വീറ്റില്‍ ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തെ ഉദ്ധരിക്കുകയോ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കുകയോ ട്രംപ് നല്‍കിയിട്ടില്ല. ഇറാനിയന്‍ നാവികസേനയുടെ 11 കപ്പലുകള്‍ ഗള്‍ഫ് മേഖലയിലുള്ള അമേരിക്കന്‍ നാവികസേനയുടേയും കോസ്റ്റ്ഗാര്‍ഡിന്റേയും കപ്പലുകള്‍ക്ക് സമീപം എത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഒരാഴ്ച മുമ്പായിരുന്നു ഈ സംഭവം. അപകടകരവും പ്രകോപനപരവുമാണെന്നാണ് യുഎസ് സൈന്യം ഇതിനോട് പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് ട്രംപിന്റെ ഭീഷണി ട്വീറ്റ് വന്നിരിക്കുന്നത്. പിന്നീട് വൈറ്റ്ഹൗസില്‍ ട്രംപ് ഇക്കാര്യം പ്രസ്താവിക്കുകയും ചെയ്തു.
'പ്രസിഡന്റിന്റെ പ്രസ്താവന ഇറാനുള്ള ഒരു സുപ്രധാനമുന്നറിയിപ്പാണ്. തങ്ങളുടെ കപ്പലുകള്‍ക്ക് സ്വയം പ്രതിരോധനത്തിനുള്ള അവകാശം നിലനില്‍ക്കുന്നുവെന്നാണ് അദ്ദേഹം ഊന്നിപ്പറഞ്ഞത്' യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ അറിയിച്ചു.
മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നതിന് പകരം കൊറോണവൈറസില്‍ നിന്ന് തങ്ങളുടെ സൈന്യത്തെ രക്ഷിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടതെന്ന് ഇറാനിയന്‍ സൈനിക വാക്താവ് ട്രംപിന്റെ ട്വീറ്റിനോട് പ്രതികരിച്ചു.
Content Highlights: Trump says US will destroy Iranian gunboats harassing US ships
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..