വാഷിങ്ടണ്‍: അമേരിക്ക-മെക്സിക്കോ അതിര്‍ത്തിയില്‍ കെട്ടുന്ന മതിലിന്റെ പണത്തില്‍ അമേരിക്ക ചെലവഴിക്കുന്ന വിഹിതം മെക്സിക്കോ തിരിച്ച് തരണമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 

ട്രംപിന്റെ വക്താവ് സീന്‍ സ്പെന്‍സറാണ് നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവരടങ്ങിയ വടക്കന്‍ അമേരിക്കന്‍ സ്വതന്ത്ര വ്യാപാര ഉടമ്പടി പുനര്‍ ചര്‍ച്ചയിലൂടെ ഇക്കാര്യം ആവശ്യപ്പെടുമെന്ന് സ്‌പെന്‍സര്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു.

എത്ര പണം മെക്സിക്കോയില്‍ നിന്നും തിരിച്ച് വാങ്ങണമെന്നത ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിച്ച് വരികയാണെന്ന് പറഞ്ഞ സ്പെന്‍സര്‍ മുമ്പ് ഇക്കാര്യത്തില്‍ വന്ന വാര്‍ത്തകള്‍ സ്ഥിരീകരിച്ചു.

അമേരിക്കയുടേയും മെക്സിക്കോയുടേയും അതിര്‍ത്തിയില്‍ മതില്‍ സ്ഥാപിക്കുമെന്നും അതിനുള്ള പണം മെക്സിക്കോയേക്കൊണ്ട് ചെലവഴിപ്പിക്കുമെന്നുമായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ട്രംപ് ഉയര്‍ത്തിപ്പിടിച്ച ആയുധങ്ങളിലൊന്ന്. മെക്‌സിക്കോയില്‍ നിന്നുള്ള കുടിയേറ്റം തടയുക എന്നതാണ് മതില്‍ നിര്‍മാണത്തന്റെ മുഖ്യലക്ഷ്യം. എന്നാല്‍ മെക്സിക്കോ ഇതിനെ എതിര്‍ക്കുകയാണുണ്ടായത്.