വാഷിങ്ടണ്‍: തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപ് നിരവധി രേഖകള്‍ നശിപ്പിക്കുകയും കടത്തിക്കൊണ്ടുപോകുകയും ചെയ്തുവെന്ന് ആരോപണം. രേഖകള്‍ കീറി ശൗചാലയത്തില്‍ ഒഴുക്കിയെന്നും ഫ്ളോറിഡയിലേക്ക് കടത്തിയെന്നുമാണ് ആരോപണം. ട്രംപ് ഭരണത്തിലിരുന്നപ്പോള്‍ വൈറ്റ് ഹൗസ് രേഖകള്‍ നശിപ്പിച്ചതിനേക്കുറിച്ച് അന്വേഷിക്കണമെന്ന് പ്രസിഡന്‍ഷ്യല്‍ രേഖകള്‍ സംരക്ഷിക്കുന്നതിന്റെ ചുമതലയുള്ള നാഷണല്‍ ആര്‍ക്കൈവ്സും ആവശ്യപ്പെട്ടു.
രേഖകള്‍ ട്രംപ് കീറിക്കളയാറുണ്ടായിരുന്നുവെന്നാണ് നാഷണല്‍ ആര്‍ക്കൈവ്സ് പറയുന്നത്. ഇതിനിടെ ട്രംപിന്റെ ഫ്ളോറിഡയിലെ എസ്റ്റേറ്റില്‍ നിന്ന് 15 പെട്ടി രേഖകള്‍ കണ്ടെത്തിയതായും ആര്‍ക്കൈവ്സ് സ്ഥിരീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം വൈറ്റ് ഹൗസ് ഒഴിയുമ്പോള്‍ കടത്തിക്കൊണ്ടുപോയതാണ് ഈ രേഖകള്‍ എന്നാണ് ആരോപണം. ട്രംപിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ആര്‍ക്കൈവ്സ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിനോട് അഭ്യര്‍ത്ഥിച്ചുവെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ട്രംപിന്റെ ഫ്ളോറിയിലെ എസ്റ്റേറ്റില്‍ നിന്ന് കണ്ടെത്തിയ രേഖകളില്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായുള്ള ഔദ്യോഗിക കത്തിടപാടുകളും ഉണ്ടായിരുന്നു. ഈ കത്തിടപാടുകളെ പ്രണയലേഖനങ്ങള്‍ എന്നാണ് ട്രംപ് ആ കാലഘട്ടത്തില്‍ വിശേഷിപ്പിച്ചിരുന്നത്. മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ അയച്ച കത്തും ഇതില്‍ ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ട്രംപ് രേഖകള്‍ കീറിക്കളഞ്ഞിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ആര്‍ക്കൈവ്സ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് അവയില്‍ ചിലത് ഒരുമിച്ച് ചേര്‍ത്ത് ഒട്ടിച്ചുവെന്നും അവര്‍ വെളിപ്പെടുത്തി. എന്നാല്‍ തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ ട്രംപ് തള്ളിക്കളഞ്ഞു. നാഷണല്‍ ആര്‍ക്കൈവ്സുമായുള്ള ബന്ധം ഊഷ്മളവും സൗഹാർദപരവുമായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
വാട്ടര്‍ഗേറ്റ് അഴിമതിയുടെ പശ്ചാത്തലത്തില്‍ പാസാക്കിയ 1978 ലെ പ്രസിഡന്‍ഷ്യല്‍ റെക്കോഡ്സ് ആക്റ്റ് പ്രകാരം അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഇ മെയിലുകള്‍, കത്തിടപാടുകള്‍, മറ്റ് രേഖകള്‍ എന്നിവ നാഷണല്‍ ആര്‍ക്കൈവ്സിലേക്ക് മാറ്റേണ്ടതുണ്ട്. എന്നാല്‍ ട്രംപ് ഇത് ലംഘിച്ചുവെന്നാണ് ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്.
Content Highlights: Trump Ripped Up, Stuffed Office Papers Down White House Toilet
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..