നിക്കി ഹാലി | Photo:AFP
ഫിലാഡൽഫിയ: 2016 നവംബറിലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഉടൻ ഡൊണാൾഡ് ട്രംപ് തനിക്ക് സെക്രട്ടറി ഓഫ് സ്റ്റേറ്റ് പദവി വാഗ്ദാനം ചെയ്തിരുന്നുവെന്ന് വെളിപ്പെടുത്തി ഇന്ത്യൻ അമേരിക്കൻ റിപ്പബ്ലിക്കൻ നേതാവ് നിക്കി ഹാലി. എന്നാൽ വാഗ്ദാനം താൻ നിരസിക്കുകയായിരുന്നുവെന്നും അവർ വെളിപ്പെടുത്തി.
ന്യൂയോർക്കിലേക്ക് തന്നെ കൊണ്ടുവരുന്നതിന് വേണ്ടി ട്രംപ് ഒരു വിമാനം പോലും അയച്ചു. അനുഭവപരിജ്ഞാനം ഇല്ലാത്തതിനാൽ സ്റ്റേറ്റ് സെക്രട്ടറി പദവിക്ക് അനുയോജ്യയല്ലെന്ന് ചൂണ്ടിക്കാട്ടി ആ വാഗ്ദാനം വിനയപൂർവം നിരസിക്കുകയായിരുന്നുവെന്ന് നിക്കി ഹാലി പറയുന്നു.
എന്നാൽ ന്യൂയോർക്കിൽ നിന്ന് മടങ്ങിയെത്തി ദിവസങ്ങൾക്ക് ശേഷം ട്രംപ് നിക്കിക്ക് തന്റെ സ്റ്റാഫ് ചീഫ് മുഖാന്തരം ഐക്യരാഷ്ട്രസഭയുടെ യുഎസ് അംബാസഡർ പദവി വാഗ്ദാനം ചെയ്തു. പദവി കാബിനറ്റ് റാങ്കുളളതായിരിക്കണം, പ്രതിനിധി ദേശീയ സുരക്ഷാ കൗൺസിലിൽ അംഗത്വമുളളയാളായിരിക്കണം, ഒരു 'യെസ്- വുമൺ' ആയിരിക്കില്ല തുടങ്ങിയ മൂന്ന് ഉപാധികൾ താൻ മുന്നോട്ടുവെച്ചെന്നും ഉപാധികൾ അംഗീകരിച്ച ട്രംപ് എന്താണ് അടുത്ത പരിപാടി എന്നാണ് മറുപടിയായി ചോദിച്ചതെന്നും നിക്കി പറയുന്നു. ട്രംപിന്റെ വാഗ്ദാനം സ്വീകരിക്കുകയല്ലാതെ മറ്റുമാർഗങ്ങൾ തന്റെ മുന്നിൽ ഉണ്ടായിരുന്നില്ലെന്നും നിക്കി ഓർക്കുന്നു. ആ സമയത്ത് സൗത്ത് കരോലിന ഗവർണറായിരുന്നു ഹാലി.
യുഎസും ഇന്ത്യയും തമ്മിലുളള ബന്ധം ട്രംപ് ഭരണകാലത്തിന് മുൻപ് ഇത്രമേൽ ശക്തമായിരുന്നില്ലെന്നും നിക്കി പറഞ്ഞു. ഭീകരവാദികളുടെ കേന്ദ്രമായ പാകിസ്താന് സഹായം നൽകുന്നത് ട്രംപ് അവസാനിപ്പിച്ചു. ട്രംപിന്റെ ഭരണത്തിന് കീഴിൽ പ്രതിരോധമുൾപ്പടെ നിരവധി വിഷയങ്ങളിലാണ് ഇന്ത്യയുമായി യുഎസ് പങ്കാളിത്തം ഉറപ്പുവരുത്തിയിട്ടുളളത്.
യുഎസിന്റെ ദേശീയ സുരക്ഷയ്ക്ക് ഏറ്റവും വലിയ ഭീഷണിയായി നിക്കി ചൂണ്ടിക്കാണിച്ചത് ചൈനയെയാണ്. ട്രംപ് ഇക്കാര്യത്തിൽ ശ്രദ്ധപതിപ്പിച്ച കാര്യവും അവർ ചൂണ്ടിക്കാട്ടി. ട്രംപ് ഒരു രാഷ്ട്രീനേതാവല്ല, അദ്ദേഹം എന്താണോ അതാണ് നിങ്ങൾ കാണുന്നത്. എതിർസ്ഥാനാർഥി ജോ ബൈഡനും ഡൊണാൾഡ് ട്രംപും തമ്മിൽ വലിയ വ്യതാസമുണ്ടെന്നും ഇന്ത്യൻ വോയ്സസ് ഫോർ ട്രംപ് സംഘടിപ്പിച്ച ചർച്ചയിൽ നിക്കി പറഞ്ഞു. അമേരിക്കൻ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ട്രംപിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രചരണ പരിപാടികളിൽ സജീവമായിരിക്കുകയാണ് നിക്കി ഹാലി.
Content Highlights:Trump Offered position of secretary of state says Nikki Haley
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..