ടെക്‌സാസ്: ഹൂസ്റ്റണില്‍ നടക്കുന്ന ഹൗഡി മോദി പരിപാടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അരമണിക്കൂറോളം സംസാരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സമ്മേളനത്തില്‍ അതിഥിയായല്ല മറിച്ച് അമേരിക്കയിലെ ഇന്ത്യന്‍ വശജരെ അഭിസംബോധന ചെയ്യുക എന്ന ഉദ്ദേശം കൂടെ വെച്ചുകൊണ്ടാണ് ട്രംപ് പരിപാടിയില്‍ പങ്കെടുക്കുക. ഹൗഡി മോദി പരിപാടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടി മാത്രമായാണ് ട്രംപ് ഹൂസ്റ്റണിലേക്കെത്തുന്നത്.

പ്രസിഡന്റ് പദത്തിലേക്ക് രണ്ടാമൂഴത്തിന് ശ്രമിക്കുന്ന ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയായി കൂടിയാണ് ഹൗഡി മോദി പരിപാടി മാറുക എന്നും വിവരങ്ങളുണ്ട്. പരിപാടി നടക്കുന്ന എന്‍.ആര്‍.ജി സ്റ്റേഡിയത്തില്‍ ഒരുമണിക്കൂറോളം ട്രംപ് ചെലവഴിക്കുമെന്നാണ് വൈറ്റ് ഹൗസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. എന്നാല്‍ എത്രനേരം അദ്ദേഹം പ്രസംഗത്തിനായി ഉപയോഗിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഒരുമണിക്കൂറോളം പരിപാടിയില്‍ ചിലവഴിക്കുന്നതിനാല്‍ അതില്‍ പകുതിയോളം അദ്ദേഹം പ്രസംഗത്തിനായി ഉപയോഗിച്ചേക്കാമെന്നാണ് അഭ്യൂഹം.

രണ്ട് രാഷ്ട്ര നേതാക്കളും പങ്കെടുക്കുന്ന ചടങ്ങിലേക്ക് 50,000 ആളുകളാണ് എത്തുമെന്ന് പ്രതീക്ഷിക്കുന്നത്.  പരിപാടിയില്‍ പങ്കെടുക്കുന്നതുവഴി 2020 ല്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന് ഇന്ത്യന്‍ വംശജരുടെ പിന്തുണ ലഭിക്കാന്‍ കാരണമാകുമെന്നാണ് ഹൗഡി മോദി പരിപാടിയുടെ മുഖ്യ സംയോജകന്‍ ഭരത് ബരൈ പറയുന്നത്.

Content Highlights: Trump will spend 100 minutes at the NRG Stadium