ട്രംപിൻറെ വിടവാങ്ങൽ പ്രസംഗത്തിൽനിന്ന് | Photo: Screen grab|www.youtube.com|watch?v=0phbgp4QNDA
വാഷിങ്ടണ്‍ : ദിവസങ്ങള്‍ നീണ്ട നിശ്ശബ്ദതയ്ക്കു ശേഷം വിടവാങ്ങല്‍ സന്ദേശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയെ സുരക്ഷിതവും സമ്പല്‍സമൃദ്ധവുമായി നിലനിര്‍ത്തുന്നതിന് പുതിയ ഭരണകൂടത്തിനായി പ്രാര്‍ഥിക്കുന്നതായി ട്രംപ് പുറത്തുവിട്ട വീഡിയോയില്‍ പറഞ്ഞു. ഇന്ന് പുതിയ പ്രസിഡന്റ് ജോ ബൈഡന്‍ സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയ ട്രംപ് വീഡിയോയിലൂടെയാണ് രാജ്യത്തെ അഭിസംബോധന ചെയ്തത്.
"അമേരിക്കയുടെ പ്രസിഡന്റായി പ്രവര്‍ത്തിക്കാന്‍ സാധിച്ചത് വിവരണാതീതമായ ബഹുമതിയാണെന്നും ഈ വിശേഷാധികാരത്തിന് നന്ദി പറയുന്നതായും ട്രംപ് പറഞ്ഞു. പുതിയ ഭരണകൂടം നിലവില്‍വരികയാണ്. അമേരിക്കയെ സുരക്ഷിതവും സമ്പല്‍സമൃദ്ധവുമാക്കി നിലനില്‍ത്തുന്നതിന് പുതിയ ഭരണകൂടത്തിനായി പ്രാര്‍ഥിക്കുന്നു. എല്ലാ ആശംസകളും അര്‍പ്പിക്കുന്നു", ട്രംപ് പറഞ്ഞു.
തന്റെ ഭരണകാലത്ത് ആരും കരുതാതിരുന്ന വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചതായി വീഡിയോയില്‍ ട്രംപ് അവകാശപ്പെട്ടു. നികുതി വെട്ടിക്കുറയ്ക്കല്‍, ചൈനയുമായുള്ള ഇടപാടുകളിലെ തീരുവ കുറയ്ക്കല്‍, ഊര്‍ജ്ജ സ്വയംപര്യാപ്തത, വളരെ കുറഞ്ഞ സമയംകൊണ്ട് കോവിഡ് 19 വാക്‌സിന്‍ വികസിപ്പിക്കല്‍ എന്നിങ്ങനെയുള്ള നേട്ടങ്ങള്‍ അദ്ദേഹം എണ്ണിപ്പറഞ്ഞു. രാജ്യത്തിനകത്തും വിദേശങ്ങളിലും അമേരിക്കയുടെ ശക്തിയും നേതൃത്വവും തിരിച്ചുപിടിക്കാന്‍ സാധിച്ചു. ലോകം അമേരിക്കയെ ബഹുമാനിക്കുന്നു. ആ ബഹുമാനം നഷ്ടപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച ഉച്ചയ്ക്കു ശേഷമാണ് പുതിയ പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമലാ ഹാരിസും അധികാരമേല്‍ക്കുന്നത്. ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിലവിലെ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് അധികാര കൈമാറ്റ ചടങ്ങില്‍ പങ്കെടുക്കും. ചൊവ്വാഴ്ചതന്നെ ബൈഡന്‍ വില്‍മിങ്ടണിലെ ഡെലാവറില്‍നിന്ന് വാഷിങ്ടണിലെത്തിയിരുന്നു.
Content Highlights: Trump Last Day In Office- In Farewell Video, Prays for Biden's Success
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..