ട്രംപ് ഇന്റർനാഷണൽ ഹോട്ടൽ & ടവർ, ഷിക്കാഗോ | Photo : AP
വാഷിങ്ടണ്‍: മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നികുതിയിനത്തില്‍ പത്ത് ലക്ഷം ഡോളര്‍ നല്‍കാനുണ്ടെന്ന് അധികൃതര്‍. 2011 ലെ ടാക്‌സ് ബില്‍ അനുസരിച്ചാണ് ട്രംപ് നികുതി കുടിശ്ശികയിനത്തില്‍ 1.03 ദശലക്ഷംഡോളര്‍(ഏകദേശം 7 കോടി 43 ലക്ഷം രൂപ) തിരിച്ചടക്കാനുള്ളത്. എന്നാല്‍ പ്രാദേശിക അധികൃതര്‍ ട്രംപിന് അനുകൂലമായി നികുതി തിരിച്ചടവ് തടയുകയാണെന്ന് ഇല്ലിനോയിസിലെ ടാക്‌സ് ഏജന്‍സി ആരോപിച്ചു.
ട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടല്‍ & ടവറിലെ മുറികളുടെ വില പുനര്‍നിര്‍ണയിച്ചതോടെയാണ് ട്രംപ് കുരുക്കിലായത്. നികുതി വെട്ടിച്ചുരുക്കണമെന്നാവശ്യപ്പെട്ട് ട്രംപ് നല്‍കിയ ഹര്‍ജി ഇല്ലിനോയിസ് പ്രോപര്‍ട്ടി ടാക്‌സ് അപ്പീല്‍ ബോര്‍ഡ് ജൂണില്‍ തള്ളിയിരുന്നു. തുടര്‍ന്ന് കുക്ക് കൗണ്ടി സ്റ്റേറ്റ്‌സ് അറ്റോര്‍ണി ഇതിനെതിരെ ഇല്ലിനോയിസ് അപ്പീല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. കേസ് തുടരുന്നതിനാലാണ് ട്രംപില്‍ നിന്ന് ലഭിക്കാനുള്ള നികുതി കുടിശ്ശിക ഈടാക്കാന്‍ അധികൃതര്‍ക്ക് സാധിക്കാത്തത്.
ട്രംപിന്റെ നികുതി ബില്ലുകളുമായി ബന്ധപ്പെട്ട് ദീര്‍ഘകാലമായി അധികൃതര്‍ തുടരുന്ന നിയമയുദ്ധത്തിലെ പുതിയ അധ്യായമാണ് ഇല്ലിനോയിസിലേത്. പന്ത്രണ്ടിലധികം വര്‍ഷം നീണ്ട കാലയളവിനിടെ 14 ദശലക്ഷം ഡോളര്‍ നികുതിവെട്ടിപ്പാണ് ട്രംപിന് മേല്‍ ആരോപിക്കപ്പെട്ടിട്ടുള്ളത്. ഷിക്കാഗോയിലെ അംബരചുംബിയില്‍ ഒഴിഞ്ഞു കിടക്കുന്ന മുറികള്‍ക്ക് വില നിര്‍ണയിക്കാനാവില്ലെന്നും അതിനാല്‍ നികുതി ചുമത്താന്‍ സാധിക്കില്ലെന്നുമാണ് ട്രംപിന്റെ വാദം.
ട്രംപിന് വേണ്ടി കേസുകള്‍ നടത്തി വിജയിച്ചിരുന്ന ആല്‍ഡര്‍മാന്‍ എഡ്വാര്‍ഡ് എം. ബര്‍ക്ക് എന്ന അഭിഭാഷകന്‍ നിയമക്കുരുക്കുകളില്‍ പെട്ട് വിചാരണക്കായി കാത്തിരിക്കുകയാണ്. നഗരപരിധിക്കുള്ളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ബര്‍ക്കിനെ വിലക്കിയിട്ടുണ്ട്.
Content Highlights: Trump is due $1M tax refund for Chicago skyscraper says Agency
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..