വാഷിങ്ടണ്‍: കോവിഡ് വാക്‌സിന്‍ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് സുതാര്യത വേണമെന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികളുടെ ആവശ്യത്തിനെതിരെ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. 

'നവംബര്‍ 3ന് തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്‍പ് യുഎസ് വാക്‌സിന്‍ പുറത്തിറക്കും.  ബൈഡനും കമലാ ഹാരിസും മുന്നോട്ടുവെയ്ക്കുന്നത് വെറും രാഷ്ട്രീയ അസത്യങ്ങളാണ്. വാക്‌സിന്‍ പുറത്തിറക്കുന്ന നേട്ടത്തെ ജനങ്ങള്‍ക്ക് മുന്നില്‍ താഴ്ത്തിക്കാണിക്കാനുള്ള ശ്രമങ്ങളാണ് അവര്‍ നടത്തുന്നത്.  പ്രതിരോധ വാക്‌സിന്‍ വിരുദ്ധ പ്രസ്താവന നടത്തിയ കമലാ ഹാരിസും ജോ ബൈഡനും മാപ്പ് പറയണം. രാജ്യത്തിനും ലോകത്തിനും ഗുണം ചെയ്യാത്തെ പ്രസ്താവനയാണ് അവര്‍ നടത്തിയത്. വാക്‌സിന്‍ പുറത്തിറക്കുന്ന നേട്ടം എനിക്ക് മാത്രമായി വേണ്ട. ജനങ്ങളെ സുഖപ്പെടുത്തുന്ന ഒന്നാണ് എനിക്ക് വേണ്ടത്' -ട്രംപ് പറഞ്ഞു. 

പുറത്തിറക്കാന്‍ രണ്ടോ മൂന്ന് വര്‍ഷം വേണ്ടിവരുമെന്ന് കരുതിയിരുന്ന വാക്‌സിന്‍ ഈ വര്‍ഷം അവസാനത്തോടെ, സാധ്യമെങ്കില്‍ തിരഞ്ഞെടുപ്പിന് മുന്‍പ് ഒക്ടോബറില്‍ തന്നെ പുറത്തിറക്കാനാണ് യുഎസ് ശ്രമിക്കുന്നത്. വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദമവുമായിരിക്കുമെന്നും ട്രംപ് ആവര്‍ത്തിച്ചു.

ഈ വര്‍ഷം പുറത്തിറക്കുമെന്ന് ട്രംപ് അവകാശപ്പെട്ട വാക്‌സിനെ ചോദ്യം ചെയ്ത് ഡെമോക്രാറ്റിക് പാര്‍ട്ട് സ്ഥാനാര്‍ഥികളായ ജോ ബൈഡനും കമലാഹാരിസും രംഗത്തെത്തിയിരുന്നു. കോവിഡിനെതിരെ പുറത്തിറക്കുന്ന വാക്‌സിന് ശസ്ത്രീയ അടിത്തറയും സുതാര്യതയും സുരക്ഷിതത്വവും ഉറപ്പുവരുത്തണമെന്നായിരുന്നു ഇരുവരുടേയും ആവശ്യം. അല്ലാത്തപക്ഷം ജനങ്ങള്‍ വാക്‌സിനെ അംഗീകരിക്കില്ല. അത് പുറത്തുവിടാത്തപക്ഷം ട്രംപിന്റെ വാദങ്ങളെ തള്ളിക്കളയുമെന്നും അവര്‍ പറഞ്ഞു. 

Content Highlights: Trump Hints at Covid-19 Vaccine by October as Biden Seeks Transparency