വാഷിങ്ടണ്‍: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ തീരുമാനം. ജനപ്രതിനിധിസഭയില്‍ നടന്ന വോട്ടടെടുപ്പിലാണ് തീരുമാനമായത്. 197നെതിരെ 232 വോട്ടുകള്‍ക്കാണ് ഇംപീച്ച്‌മെന്റ് പ്രമേയം പാസായത്.
ഡമോക്രാറ്റുകള്‍ക്കു ഭൂരിപക്ഷമുള്ള സഭയില്‍ 10 റിപ്പബ്ലിക്കന്‍ അംഗങ്ങളും ട്രംപിനെതിരെ വോട്ട് ചെയ്തു. ജനപ്രതിനിധി സഭയില്‍ ഇംപീച്ച്‌മെന്റ് പ്രമേയം പാസായതോടെ വിചാരണ ഇനി സെനറ്റിലേക്ക് നീങ്ങും. സെനറ്റില്‍ മൂന്നില്‍രണ്ടു ഭൂരിപക്ഷം ലഭിച്ചാല്‍ ട്രംപിനെതിരേ കുറ്റം ചുമത്താം. 100 അംഗ സെനറ്റില്‍ 50 ഡെമോക്രാറ്റിക് അംഗങ്ങള്‍ക്കുപുറമേ 17 റിപ്പബ്ലിക്കന്മാര്‍ കൂടി പിന്തുണച്ചാലേ ഇതു സാധ്യമാകൂ.
യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളിന് നേരെ കഴിഞ്ഞ ആഴ്ച ട്രംപ് അനുകൂലികള്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് നടപടികള്‍ ആരംഭിച്ചത്. ഇതോടെ രണ്ട് തവണ ഇംപീച്ച്‌മെന്റ് നേരിടുന്ന ആദ്യ യുഎസ് പ്രസിഡന്റായി ട്രംപ് മാറി.
ട്രംപിനെ പുറത്താക്കാന്‍ 25-ാം ഭേദഗതി പ്രയോഗിക്കാന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് വിസമ്മതിച്ചതിനു പിന്നാലെ ജനപ്രതിനിധിസഭയില്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ തുടങ്ങിയത്. അധികാരമൊഴിയാന്‍ ദിവസങ്ങള്‍മാത്രം ശേഷിക്കേ രാഷ്ട്രീയം കളിക്കാനുള്ള ജനപ്രതിനിധി സഭയുടെ ശ്രമങ്ങള്‍ക്കൊപ്പം നില്‍ക്കില്ലെന്നായിരുന്നു മൈക്ക് പെന്‍സിന്റെ വിശദീകരണം. പ്രസിഡന്റിന് കഴിവുകേടോ ശാരീരിക വൈകല്യമോ ഉണ്ടാകുന്ന സാഹചര്യത്തിലാണ് 25-ാം ഭേദഗതി പ്രയോഗിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
2019-ല്‍ ട്രംപിനെതിരേ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവന്നപ്പോള്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ ഒരംഗം പോലും പിന്തുണച്ചിരുന്നില്ല. അതേസമയം വര്‍ഷങ്ങളായി തനിക്കെതിരേ നടക്കുന്ന വേട്ടയാടലിന്റെ തുടര്‍ച്ചയാണ് ഇംപീച്ച്‌മെന്റ് തട്ടിപ്പെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
അതേസമയം ജനുവരി 20ന് മുന്‍പ് വിചാരണ നടപടികള്‍ സെനറ്റ് ആരംഭിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 20നാണ് ജോ ബൈഡന്‍ സ്ഥാനമേല്‍ക്കുന്നത്. ഇംപീച്‌മെന്റ് നടപടി പൂര്‍ത്തിയായാല്‍ ട്രംപിന് ഇനിയൊരിക്കലും മല്‍സരിക്കാനാവില്ല. മാത്രമല്ല, 1958 ലെ ഫോര്‍മര്‍ പ്രസിഡന്റ്സ് ആക്ട് അനുസരിച്ച്, മുന്‍ പ്രസിഡന്റുമാര്‍ക്ക് അനുവദിക്കുന്ന പെന്‍ഷന്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, സുരക്ഷ തുടങ്ങിയവയ്ക്കും വിലക്കുണ്ടാകും
Content Highlights:Trump first President in US history to be impeached twice