വാഷിങ്ടണ്‍: തിരഞ്ഞെടുപ്പില്‍ വിപുലമായ ക്രമക്കേട് നടന്നതായുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണം നിഷേധിച്ച തിരഞ്ഞെടുപ്പ് സുരക്ഷാഏജന്‍സി ഉന്നതോദ്യോഗസ്ഥനെ പുറത്താക്കി. സുരക്ഷാ ഏജന്‍സിയുടെ മേധാവി ക്രിസ് ക്രെബ്‌സിനെ പുറത്താക്കിയതായി ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചു. 

ട്രംപിന്റെ ക്രമക്കേടാരോപണം അടിസ്ഥാനരഹിതമാണെന്ന് ക്രിസ് ക്രെബ്‌സ് നേരത്തെ പ്രതികരിച്ചിരുന്നു. നവംബര്‍ മൂന്നിന് നടന്ന തിരഞ്ഞെടുപ്പ് അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും സുരക്ഷിതമായ ഒന്നാണെന്ന് ക്രെബ്‌സ് പ്രഖ്യാപിക്കുകയും തന്നെ ഉദ്യോഗത്തില്‍ നിന്ന് പിരിച്ചു വിടാനിടയുണ്ടെന്ന് കഴിഞ്ഞയാഴ്ച ക്രെബ്‌സ് സുഹൃത്തുക്കളോട് സൂചിപ്പിക്കുകയും ചെയ്തിരുന്നു. 

ജോ ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയം ട്രംപ് ഇതുവരെ അംഗീകരിച്ചിട്ടില്ല. വോട്ടിങ്ങില്‍ നടന്ന ക്രമക്കേടാണ്‌ തന്റെ പരാജയത്തിന് കാരണമെന്ന് ട്രംപ് ആവര്‍ത്തിക്കുകയും ചെയ്തു. ഏറ്റവും സുരക്ഷിതമായ തിരഞ്ഞെടുപ്പാണെന്ന ക്രെബ്‌സിന്റെ അവകാശവാദം വസ്തതയ്ക്ക് നിരക്കുന്നതല്ലെന്നും അതിനാല്‍ സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെക്യൂരിറ്റി ഏജന്‍സി ഡയറക്ടര്‍ ക്രിസ് ക്രെബ്‌സിനെ ജോലിയില്‍ നിന്ന് പിരിച്ചു വിടുന്നതായി ട്രംപ് ട്വീറ്റ് ചെയ്തു. 

ക്രമക്കേട് സംബന്ധിച്ചുള്ള ട്രംപിന്റെ ആരോപണം സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഉന്നതഉദ്യോഗസ്ഥരടങ്ങിയ അന്വേഷണസംഘം കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തിങ്കളാഴ്ച മറ്റ് 59 തിരഞ്ഞെടുപ്പ് സുരക്ഷാ ഉദ്യോഗസ്ഥരും ട്രംപിന്റെ വാദത്തില്‍ കഴമ്പില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു. സാങ്കേതികപരമായ പിഴവുകളൊന്നും വോട്ടിങ്ങിലോ വോട്ടെണ്ണലിലോ നടന്നിട്ടില്ലെന്നാണ് ഉന്നതഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്. 

Content Highlights: Trump Fires US Election Security Official Who Rejected Fraud Claims