വാഷിംഗ്ടൺ: ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണത്തെത്തുടർന്നുള്ള ചൈനയുടെ നിസംഗതയെ ശക്തമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉത്തരകൊറിയയുടെ തുടർച്ചയായ മിസൈൽ പരീക്ഷണങ്ങൾക്ക് ശേഷവും ചൈന ഒന്നും മിണ്ടാത്തത് നിരാശാജനകമെന്നാണ് ട്രംപ് ട്വിറ്ററിൽ കുറിച്ചത്.

ഉത്തരകൊറിയ തങ്ങളുടെ രണ്ടാമത്തെ ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷണം കഴിഞ്ഞ ദിവസം വിജയകരമായി പൂർത്തിയാക്കിയിരുന്നു. അമേരിക്കയെ ഒന്നാകെ തകർക്കാനുള്ള ശക്തി ഇതിനുണ്ടെന്നും പിന്നീട് ഉത്തരകൊറിയ അവകാശപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം.

പരീക്ഷണത്തെ വിമർശിച്ച് ചൈന രംഗത്തെത്തിയിരുന്നു. ഉത്തരകൊറിയ സ്വയം നിയന്ത്രണം ഏർപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ,ഇത് പര്യാപ്തമല്ലെന്നാണ് അമേരിക്ക പറയുന്നത്. ചൈനയ്ക്ക് ഈ വിഷയത്തിൽ ഇടപെട്ട് എത്രയും വേഗം പരിഹാരം കാണാനാകുമല്ലോ എന്നാണ് ട്രംപിന്റെ ചോദ്യം.

ഉത്തരകൊറിയയെ സംബന്ധിച്ച് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് സീ ജിൻപിങും ഈ വർഷമാദ്യം ചർച്ചകൾ നടത്തിയിരുന്നതാണ്. അമേരിക്കൻ വിരുദ്ധ നടപടികളിൽ നിന്ന് ഉത്തരകൊറിയയെ പിന്തിരിപ്പിക്കാൻ ചൈനയ്ക്കാവുമെന്നായിരുന്നു ട്രംപിന്റെ പ്രതീക്ഷ എന്നാൽ,ഈ കൂടിക്കാഴ്ച്ചയ്ക്കു ശേഷം രണ്ട് തവണ ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തി.