വാഷിങ്ടണ്‍ ഡിസി: ആണവായുധ വിഷയത്തില്‍ ഉത്തര കൊറിയയോടുള്ള ക്ഷമ നശിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉത്തര കൊറിയ മനുഷ്യ ജീവിതത്തോട് യാതൊരുവിധ ബഹുമാനവും പുലര്‍ത്തുന്നില്ലെന്നും ട്രംപ് ആരോപിച്ചു. 

ഉത്തര കൊറിയയോട് നയതന്ത്രപരമായ ക്ഷമ പുലര്‍ത്തുന്ന ഘട്ടം അവസാനിച്ചുകഴിഞ്ഞു. വീണ്ടുവിചാരമല്ലാത്തതും ക്രൂരവുമായ ഉത്തര കൊറിയയുടെ നീക്കം ദക്ഷിണ കൊറിയയ്ക്കും അമേരിക്കയ്ക്കും വലിയ ഭീഷണിയാണുയര്‍ത്തുന്നത്. സ്വന്തം ജനതയ്‌ക്കോ അയല്‍ രാജ്യങ്ങള്‍ക്കോ മനുഷ്യ ജീവനോ യാതൊരു പരിഗണനയും അവര്‍ നല്‍കുന്നില്ല- ട്രംപ് പറഞ്ഞു. 

ഉത്തര കൊറിയയുടെ ആണവ-ബാലിസ്റ്റിക് മിസൈല്‍ പദ്ധതികള്‍ക്ക് തക്കതായ മറുപടി നല്‍കേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജീനുമായി വൈറ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയ്ക്കു ശേഷമാണ് ട്രംപ് ഉത്തര കൊറിയയോടുള്ള നിലപാട് വ്യക്തമാക്കിയത്.