ലോസ് ആഞ്ജലീസ്: മെക്‌സിക്കോയില്‍ ലഹരി സംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ ഇന്ത്യന്‍ ട്രാവല്‍ ബ്ലോഗര്‍ കൊല്ലപ്പെട്ടു. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജയായ അഞ്ജലി റിയോട്ട് (25) ആണ് കൊല്ലപ്പെട്ടത്. ഒരു ജര്‍മന്‍ വംശജനും കൊല്ലപ്പെട്ടിട്ടുണ്ട്. 

ടുലുമിലെ കരീബിയന്‍ കോസ്റ്റ് റിസോര്‍ട്ടില്‍ ഉണ്ടായ വെടിവെപ്പിലാണ് അഞ്ജലി കൊല്ലപ്പെട്ടത്. പിറന്നാള്‍ ആഘോഷിക്കാനായി റിസോര്‍ട്ടില്‍ എത്തിയതായിരുന്നു അഞ്ജലി. ബുധനാഴ്ച രാത്രിയോടെയാണ് റിസോര്‍ട്ടില്‍ വെടിവെപ്പ് ഉണ്ടായത്. ഇവര്‍ ഭക്ഷണം കഴിക്കുന്നതിനിടെ നാല് പേര്‍ അവിടെയെത്തുകയും വെടിയുതിര്‍ക്കുകയുമായിരുന്നെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അഞ്ജലിയുട ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള ട്രാവല്‍ ബ്ലോഗര്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്ഥിരതാമസം കാലിഫോര്‍ണിയയിലെ സാന്‍ ഹൊസേയിലാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

യാഹു ജീവനക്കാരിയായിരുന്ന അഞ്ജലി കഴിഞ്ഞ ജൂലായ് മുതല്‍ ലിങ്ക്ഡ്ഇന്നില്‍ സീനിയര്‍ സൈറ്റ് റിലയബിലിറ്റി എഞ്ചിനീയറായിരുന്നു.

Content Highlights: Travel Blogger From Himachal Killed In Shootout In Mexico Restaurant