ന്യൂഡല്‍ഹി: 2021 ലെ ആദ്യ അഞ്ച് മാസത്തിനിടെ ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് 70 ശതമാനം വര്‍ധിച്ചുവെന്ന് കണക്കുകള്‍. ചൈനയിലെ കസ്റ്റംസ് പുറത്തുവിട്ട രേഖകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയില്‍നിന്നുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെ ഇറക്കുമതി അടക്കമുള്ളവയാണ് വ്യാപാരം വന്‍തോതില്‍ വര്‍ധിക്കാന്‍ ഇടയാക്കിയത്.

അതിര്‍ത്തി തര്‍ക്കവും രാഷ്ട്രീയമായ ഭിന്നതകളും നിലനില്‍ക്കെതന്നെ വാണിജ്യത്തില്‍ വന്‍ വര്‍ധന രേഖപ്പെടുത്തിയത് ഉഭയകക്ഷി ബന്ധം മെച്ചപ്പെടുന്നതിന്റെ സൂചനയാണെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം അഞ്ച് മാസത്തിനിടെ 70.1 ശതമാനം വര്‍ധിച്ച് 48.16 ബില്യണ്‍ അമേരിക്കന്‍ ഡോളറിലെത്തി. ചൈനീസ് കസ്റ്റംസ് തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ചൈനയില്‍നിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതി ജനുവരി - മെയ് കാലയളവില്‍ 64.1 ശതമാനമാണ് വര്‍ധിച്ചത്. എന്നാല്‍ ഇന്ത്യയില്‍നിന്നുള്ള ഇറക്കുമതിയില്‍ 90.2 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി ചൈനയിലെ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്തു. ചൈനയുടെ മറ്റുവ്യാപാര പങ്കാളികളുമായി നടത്തിയതില്‍ അധികമാണ് അവര്‍ ഈ കാലയളവില്‍ ഇന്ത്യയുമായി നടത്തിയ വ്യാപാരം.

ചൈനയില്‍നിന്ന് ഇന്ത്യയിലേക്കുള്ള കയറ്റുമതി ഏപ്രില്‍, മെയ് മാസങ്ങളിലാണ് വന്‍തോതില്‍ വര്‍ധിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കോവിഡ് മഹാമാരിയെ നേരിടാന്‍ ചൈനയില്‍നിന്നുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ ഇന്ത്യന്‍ കമ്പനികള്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്തതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യപാരം വര്‍ധിക്കാനുള്ള കാരണങ്ങളില്‍ ഒന്ന്. 2020 ല്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരത്തില്‍ 5.6 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 87.6 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ കുറവ് വ്യാപാരത്തില്‍ രേഖപ്പെടുത്തി. 2017 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവായിരുന്നു ഇത്. വ്യാപാരം വര്‍ധിച്ചുവെങ്കിലും ഇന്ത്യയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയായി അമേരിക്ക മാറുമെന്നാണ് ചൈന വിലയിരുത്തുന്നത്.

എന്നാല്‍ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം ഈ വര്‍ഷം വര്‍ധിച്ചതെന്ന് ബെയ്ജിങ്ങിലെ ഇന്ത്യന്‍ എംബസി വിലയിരുത്തുന്നു. കാര്‍ഷിക ഉത്പന്നങ്ങള്‍, മരുന്നുകള്‍, പരുത്തി, ചെമ്പ്, വജ്രം, രത്‌നങ്ങള്‍ തുടങ്ങിയവയാണ് ഇന്ത്യ ചൈനയിലേക്ക് പ്രധാനമായും കയറ്റുമതി ചെയ്തതെന്ന് ബെയ്ജിങ്ങിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി. കോവിഡ് രണ്ടാം തരംഗത്തിനിടെ മെഡിക്കല്‍ ഉപകരണങ്ങള്‍ ഇന്ത്യന്‍ കമ്പനികള്‍ ചൈനയില്‍നിന്ന് വന്‍തോതില്‍ ഇറക്കുമതി ചെയ്തു. ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ അടക്കമുള്ളവയാണ് ഇറക്കുമതി ചെയ്തത്.

 

Content Highlights: Trade with India jumped by over 70% in 2021 - Chinese customs data