വാഷിങ്ടണ്‍: ലോകത്ത് കോവിഡ് മരണം 20 ലക്ഷം കടന്നു. വെള്ളിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം കോവിഡ് ബാധിച്ച് 2,000,066 പേരാണ്  മരിച്ചത്. കോവിഡ് മരണങ്ങള്‍ ഏറ്റവുമധികമുണ്ടായത് യൂറോപ്യന്‍ വന്‍കരയിലാണ്. 6,50,560 മരണങ്ങളാണ് യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്തത്. ലാറ്റിന മേരിക്കയിലും കരീബിയന്‍ രാജ്യങ്ങളിലും 5,42,410 മരണങ്ങള്‍ രേഖപ്പെടുത്തി. അമേരിക്കയിലും കാനഡയിലുമായി 407,090 പേര്‍ മരിച്ചു.

യു.എസ്., ബ്രസീല്‍, ഇന്ത്യ എന്നീ രാജ്യങ്ങളാണ് കോവിഡ് മരണങ്ങളുടെ പട്ടികയില്‍ മുന്നിലുള്ളത്. യു.എസ് (389,581) ബ്രസീല്‍ (207,095) ഇന്ത്യ (151,918), മെക്‌സിക്കോ (137,916), ബ്രിട്ടന്‍ (87,295), ഇറ്റലി (81,325) എന്നിവിടങ്ങളിലാണ് ഏറ്റവും അധികം കോവിഡ് മരണങ്ങളുണ്ടായത്. ഈ ആറ് രാജ്യങ്ങളിലാണ് ആഗോള മരണസംഖ്യയുടെ പകുതിയിലധികവും. 

ചൈനയില്‍ ആദ്യത്തെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് ഒമ്പത് മാസത്തിന് ശേഷം സെപ്റ്റംബര്‍ 28 നാണ് കോവിഡ് മരണം 10 ലക്ഷം കടന്നത്. അതിനുശേഷം കോവിഡ് വ്യാപനം രൂക്ഷമാകുകയും നാല് മാസത്തിനുള്ളില്‍ ഒരു ദശലക്ഷം ആളുകള്‍ മരിക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ച മാത്രം ദിവസേ ശരാശരി 13,600 മരണങ്ങളാണ് ലോകത്ത് സംഭവിച്ചത്. 

കോവിഡ് ആരംഭിച്ചത് മുതല്‍ ഇതുവരെ ലോകത്ത് 93,321,070 പേര്‍ക്ക് കോവിഡ് ബാധിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. യു.എസ്. ഇന്ത്യ, ബ്രസീല്‍, റഷ്യ, യ.കെ. തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവുമധികം പേര്‍ക്ക് കോവിഡ് ബാധിച്ചത്. 

Content Highlights: Total COVID-19 Deaths Pass 2 Million Worldwide