കലാപത്തിന് ശേഷം കാപ്പിറ്റോളിന് ചുറ്റും സുരക്ഷയ്ക്കായി കോൺക്രീറ്റ് ബാരിയറുകൾ സ്ഥാപിക്കുന്നു | Photo : AFP
വാഷിങ്ടണ്‍: കാപ്പിറ്റോളിലുണ്ടായ സുരക്ഷാവീഴ്ചയെ തുടര്‍ന്ന് കോണ്‍ഗ്രസിലെ മൂന്ന് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരെ പദവിയില്‍ നിന്ന് നീക്കി. കാപ്പിറ്റോളിലേക്കുള്ള ട്രംപനുകൂലികളുടെ കടന്നുകയറ്റവും തുടര്‍ന്നുണ്ടായ അതിക്രമവും കാപ്പിറ്റോളിലുണ്ടായ ഏറ്റവും വലിയ സുരക്ഷാവീഴ്ചയായി വിലയിരുത്തിയാണ് നടപടി.
ജോ ബൈഡന് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നതിന് മുമ്പ് തന്നെ കാപ്പിറ്റോള്‍ സുരക്ഷാവിഭാഗം മേധാവി സ്റ്റീവന്‍ സണ്ടിന്റെ രാജി പ്രാബല്യത്തില്‍ വരും. ജനുവരി 16 മുതല്‍ സണ്ടിന്റെ രാജി പ്രാബല്യത്തില്‍ വരുമെന്ന് ഔദ്യോഗികവക്താവ് അറിയിച്ചു. സെനറ്റ് സാര്‍ജന്റ്-അറ്റ്-ആംസ് മൈക്കല്‍ സ്റ്റംഗറിന്റെ രാജിക്കത്ത് ആവശ്യപ്പെട്ടതായും വ്യാഴാഴ്ച കത്ത് ലഭിച്ചതായും മിച്ച് മക് കോനല്‍ അറിയിച്ചു. ഹൗസ് സാര്‍ജന്റ്-അറ്റ്-ആംസ് പോള്‍ ഇര്‍വിങ്ങും രാജി വെക്കുമെന്ന് സ്പീക്കര്‍ നാന്‍സി പെലോസി അറിയിച്ചു.
അതിക്രമത്തിനിടെ ഗുരുതരമായി പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥരുടെ രാജി വിവരം പുറത്തു വന്നത്. കലാപത്തില്‍ നാല് പേരാണ് കൊല്ലപ്പെട്ടത്. സണ്ടിന്റെ രാജി ആവശ്യപ്പെട്ടെങ്കിലും ആദ്യം പദവിയൊഴിയാന്‍ വിസമ്മതിച്ചെന്ന് സണ്ടിന്റെ വക്താവ് സൂചിപ്പിച്ചു.
ഡെപ്യൂട്ടി സാര്‍ജന്റ്-അറ്റ്-ആംസ് ജെന്നിഫര്‍ ഹെമിങ് വേ സെനറ്റിന്റെ ഇടക്കാല സുരക്ഷാചുമതല ഏറ്റെടുക്കും. ജനുവരി 20 ന് മുമ്പ് തന്നെ കാപ്പിറ്റോളില്‍ നടന്ന സുരക്ഷാവീഴ്ചയെ കുറിച്ച് അവലോകനം നടത്തുമെന്നും സുരക്ഷാക്രമീകരണങ്ങളെ കുറിച്ച് വിലയിരുത്തുമെന്നും മക് കോനല്‍ അറിയിച്ചു. നിരവധി ഉന്നതതല കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ അടിയന്ത്ര സ്ഥാനമാറ്റത്തിനുള്ള തീരുമാനത്തിലെത്തിച്ചേര്‍ന്നത്.
Content Highlights: Top Capitol security officials sacked after deadly riot
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..