നൂപുർ ശർമ, നവീൻ ജിൻഡൽ | Photo - PTI, ANI
ന്യൂയോര്‍ക്ക്: മുഹമ്മദ് നബിക്കെതിരായ ബിജെപി നേതാക്കളുടെ പ്രസ്താവനയില്‍ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെ പ്രതികരണവുമായി ഐക്യരാഷ്ട്രസഭ. 'എല്ലാ മതങ്ങളോടും ബഹുമാനവും സഹിഷ്ണുതയും ഞങ്ങള്‍ ശക്തമായി പ്രോത്സാഹിപ്പിക്കുന്നു' വെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് പ്രതികരിച്ചു.
ബിജെപി വക്താവായിരുന്ന നൂപുര്‍ ശര്‍മയുടേയും ബിജെപി ഡല്‍ഹി മാധ്യമ മേധാവി നവീണ്‍ കുമാറിന്റേയും പ്രസ്താവനകളില്‍ അന്താരാഷ്ട്ര തലങ്ങളിലെ പ്രതിഷേധങ്ങള്‍ ചൂണ്ടിക്കാട്ടി ഒരു പാകിസ്താനി മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തോടാണ് യുഎന്‍ വക്താവിന്റെ പ്രതികരണം.
'സംഭവത്തെ കുറിച്ച് അറിഞ്ഞിട്ടുണ്ട്. വിവാദ പരാമര്‍ശങ്ങള്‍ കണ്ടിട്ടില്ല. അത് അര്‍ത്ഥമാക്കുന്നത് എന്തായാലും എല്ലാ മതങ്ങളോടും ബഹുമാനവും സഹിഷ്ണുതയും ഞങ്ങള്‍ ശക്തമായി പ്രോത്സാഹിപ്പിക്കുന്നുവെന്ന് എനിക്ക് നിങ്ങളോട് പറയാന്‍ കഴിയും' സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് പ്രതിദിന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇതിനിടെ പ്രസ്താവനക്ക് പിന്നാലെ വധഭീഷണി നേരിട്ട നൂപുര്‍ ശര്‍മക്കും കുടുംബത്തിനും ഡല്‍ഹി പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് നൂപുര്‍ ഞായറാഴ്ച ഖേദം പ്രകടിപ്പിച്ചിരുന്നു. തനിക്കും കുടുംബാംഗങ്ങള്‍ക്കും ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അവര്‍ തന്റെ വിലാസം പുറത്തുവിടരുതെന്ന് മാധ്യമങ്ങളോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.
അതേ വിവാദപരാമര്‍ശം നടത്തിയതിന് നൂപുര്‍ ശര്‍മയുടെപേരില്‍ മുംബൈയിലെ പൈഥുനി പോലീസ് സ്റ്റേഷനിലും ഹൈദരാബാദ് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലും മുംബൈ ഭിവണ്ഡി സിറ്റി പോലീസ് സ്റ്റേഷനിലും കേസുകള്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. കേസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് മുംബൈ പോലീസ് നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..