ണ്ടനില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യന്‍വംശജരായ റോമ പോപട്ടിന്റെയും വിനല്‍ പട്ടേലിന്റെയും വിവാഹം ഇക്കൊല്ലം ഏപ്രില്‍ 20 നായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ ലോക്ഡൗണ്‍ കാരണം അവരുടെ വിവാഹസ്വപ്‌നങ്ങള്‍ മറ്റൊരവസരത്തിലേക്ക് മാറ്റിവെച്ചു. കോവിഡ് വ്യാപനത്തില്‍ കുറവ് വന്ന ശേഷം നടത്താമെന്ന് കരുതി അനിശ്ചിതത്വത്തിലേക്ക് നീണ്ടപ്പോള്‍ അതിഥികളെ ക്ഷണിച്ച് നടത്താമെന്ന് തീരുമാനിച്ച വിവാഹം പ്രത്യേക പ്ലാനിങ്ങിലൂടെ രസകരവും അത്യപൂര്‍വവുമായ 'ഡ്രൈവ്-ഇന്‍' വിവാഹമായി മാറി. 

കോവിഡ് നിയന്ത്രണനിയമങ്ങളനുസരിച്ച് ഇംഗ്ലണ്ടില്‍ 15 പേര്‍ക്കാണ് വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി. എന്നാല്‍  വിവാഹത്തിനെത്തിയത് 100 ഓളം കാറുകളിലായി 200 ലധികം ബന്ധുക്കളും സുഹൃത്തുക്കളും. വിവാഹസ്ഥലമായ ബ്രാക്സ്റ്റ്ഡ് പാര്‍ക്കിലെത്തിയ അതിഥികള്‍ കാറുകള്‍ക്കുള്ളില്‍ തന്നെയിരുന്ന് വധൂവരന്മാര്‍ക്ക് ആശംസകള്‍ അറിയിച്ചു. അകലം പാലിച്ചാണ് കാറുകളും പാര്‍ക്ക് ചെയ്തിരുന്നത്. 

പരമ്പരാഗത ഹൈന്ദവരീതിയില്‍ നടന്ന വിവാഹം വലിയ സ്‌ക്രീനില്‍ ലൈവായി പ്രദര്‍ശിപ്പിച്ചിരുന്നു. ചടങ്ങുകള്‍ക്ക് അടുത്ത കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. വിവാഹത്തിന് മുമ്പ് വരന്‍ അലങ്കരിച്ച ചെറിയ തുറന്ന വാഹനത്തില്‍ അതിഥികളുടെ കാറുകള്‍ക്കിടയിലൂടെ ഓട്ടപ്രദക്ഷിണം നടത്തി ഏവരുടേയും ആശംസ സ്വീകരിച്ചിരുന്നു. വിവാഹശേഷം വധൂവരന്‍മാര്‍ ഒന്നിച്ച് അതേ വാഹനത്തില്‍പുറത്ത് കാത്തിരുന്ന അതിഥികള്‍ക്കിടയിലൂടെ സഞ്ചരിച്ചു. ഏവരും കാറുകള്‍ക്കുള്ളില്‍ തന്നെയിരുന്ന് കൈകള്‍ വീശി നവദമ്പതിമാര്‍ക്ക് അനുഗ്രഹാശിസ്സുകള്‍ നേര്‍ന്നു. 

കാറുകളിലെത്തിയവര്‍ക്ക് ആന്റി-ബാക്ടീരിയല്‍ ഹാന്‍ഡ് ജെല്‍ അടങ്ങുന്ന സ്വീകരണകിറ്റുകള്‍ നല്‍കിയിരുന്നു. കാറുകളിലിരുന്ന് തന്നെ വേണ്ട ഭക്ഷണം തിരഞ്ഞെടുക്കാനുള്ള സൗകര്യവും അതിഥികള്‍ക്കായി ഒരുക്കിയിരുന്നു. ഭക്ഷണം കാറുകളിലേക്ക് എത്തിച്ചു നല്‍കി. കാറുകളില്‍ തന്നെ ഇരിക്കണമെന്ന് അതിഥികളോട് പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. മറ്റെന്തിലും ആവശ്യം വന്നാല്‍ ഫ്്‌ളാഷ് ലൈറ്റുകളോ ഹസാര്‍ഡ് ലൈറ്റുകളോ തെളിയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. 

ഏറെ ചിന്തിച്ചാണ് വിവാഹനടത്തിപ്പുകാരായ സഹേലി ഇവന്റ്‌സ് ഈ ഡ്രൈവ്-ഇന്‍ വെഡ്ഡിങ് പ്ലാന്‍ ചെയ്തത്. എന്നാല്‍ ഗൗരവത്തേക്കാളുപരി കൗതുകകരമായി റോമ-വിനല്‍ വിവാഹം മാറി. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കാതെ തന്നെ വലിയൊരു സംഘത്തിന് ഇവരുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സാധിച്ചു. റോമയുടേയും വിനലിന്റേയും ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസം വധൂവരന്‍മാര്‍ക്ക് മാത്രമല്ല അതിഥികള്‍ക്കും ഒരിക്കലും മറക്കാനാവാത്ത ദിവസമായി മാറി. 

Adapting life in pandemic Social distancing drive-in wedding, drive-in cinemas and theatres In UK, COVID-19...

Posted by Thaw Si Htin on Tuesday, October 6, 2020

 

Content Highlights: To Bypass Covid Guest Limit Rule In UK Indian-Origin Couple Had A Drive-In Wedding