ബോറിസ് ജോൺസൺ |ഫോട്ടോ:AFP
ലണ്ടന്‍: ഒമിക്രോണ്‍ വകഭേദത്തിന്റെ വലിയ വ്യാപന സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നല്കിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്. ഡിസംബര്‍ അവസാനമാകുമ്പോഴേക്കും 18 വയസ്സിന് മുകളിലുള്ള എല്ലാവര്ക്കും ബൂസ്റ്റര്‍ ഡോസ് വാക്സിന് നല്‍കാനുള്ള ലക്ഷ്യവും അദ്ദേഹം പ്രഖ്യാപിച്ചു.
'ആര്‍ക്കും ഒരു സംശയവും ഉണ്ടാകരുത്. ഒമിക്രോണിന്റെ വേലിയേറ്റം വരുന്നു' ബോറിസ് ജോണ്സണ് പറഞ്ഞു. രോഗബാധിതര്‍ ദ്രുതഗതിയില്‍ ഉയരുന്നത് കാരണം രാജ്യത്തെ ആരോഗ്യ ഉപദേഷ്ടാക്കാള്‍ മുന്നറിയിപ്പ് ലെവല്‍ ഉയര്‍ത്തിയതിന് പിന്നാലെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രസ്താവന.
കഴിഞ്ഞ ക്രിസ്മസ് കാലത്ത് ബോറിസ് ജോണ്‍സണും ജീവനക്കാരും കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് വിവാദത്തിലകപ്പെട്ടിരുന്നു. ഇത്തവണ കരുതലോടെയാണ് അദ്ദേഹത്തിന്റെ നീക്കം. ഒന്നോ രണ്ടോ ദിവസം കൂടുമ്പോള്‍ ഒമിക്രോണ്‍ കേസുകളുടെ എണ്ണം ഇരട്ടിയാകുന്നതിനാല്‍ ഭേദത്തിന്റെ അടിയന്തരാവസ്ഥയെന്നാണ് ജോണ്സണ് വിശേഷിപ്പിച്ചിരിക്കുന്നത്.
ഞായറാഴ്ച 1239 പുതിയ ഒമിക്രോണ്‍ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ അഞ്ച് തലങ്ങളുള്ള യുകെയിലെ കോവിഡ് അലേര്‍ട്ട് മൂന്നില്‍ നിന്ന് നാലായി ഉയര്‍ത്തിയിരുന്നു. യുകെയില്‍ ഇതുവരെ 3137 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ശനിയാഴ്ചവരെ 1898 കേസുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഞായറാഴ്ച 65 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്.
ജൂണ്‍ മുതല്‍ ബ്രിട്ടണ് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി തുടങ്ങിയിരുന്നു. മുന്നറിയിപ്പ് ലെവല്‍ മൂന്നായി നിലനില്‍ക്കുകയായിരുന്നു. ഇതിനിടെയാണ് ഒമിക്രോണ്‍ ഭീഷണിവരുന്നത്. ഉയര്‍ന്ന വ്യാപന ശേഷി സൂചിപ്പിക്കുന്ന ലെവല്‍ നാല് മുന്നറിയിപ്പാണ് ഇപ്പോള്‍ രാജ്യത്തുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..