സിഡ്നി: മൂന്ന് ദിവസം മുന്‍പ് കാണാതായ ഓട്ടിസം ബാധിതനായ മൂന്ന് വയസ്സുകാരനെ കണ്ടെത്തിയതിന് പിന്നാലെ ന്യു സൗത്ത് വെയ്ല്‍സ് പോലീസിനും ദൈവത്തിനും നന്ദി പറഞ്ഞ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. മകനെ ജീവനോടെ കണ്ടെത്താനായതില്‍ സന്തോഷമുണ്ടെന്നും ദൈവാനുഗ്രഹമുണ്ടെന്നും കുട്ടിയുടെ അമ്മയും പ്രതികരിച്ചു.

മൂന്നു ദിവസം നീണ്ട ഊര്‍ജിത ശ്രമത്തിനൊടുവിലാണ് കുട്ടിയെ കണ്ടെത്താനായത്. ഒരു ചതുപ്പിലെ വെള്ളക്കെട്ടില്‍ ചളി നിറഞ്ഞ വെള്ളം കുടിച്ചുകൊണ്ടിരിക്കുന്ന നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. 

വെള്ളിയാഴ്ച രാവിലെ കാണാതായതായി റിപ്പോര്‍ട്ട് ചെയ്ത് മണിക്കൂറുകള്‍ക്കകം തെര്‍മല്‍ ഇമേജിംഗ് ഉപകരണങ്ങളുമായി പോലീസ് ഒരു ഹെലികോപ്റ്റര്‍ അയച്ചിരുന്നെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. സിഡ്‌നിയില്‍ നിന്ന് 150 കിലോമീറ്റര്‍ മാറി ന്യു സൗത്ത് വെയ്ല്‍സിന്റെ കിഴക്ക് ഒരു ഉള്‍പ്രദേശത്താണ് കുട്ടിയുടെ കുടുംബം താമസിച്ചിരുന്നത്.  രക്ഷാപ്രവര്‍ത്തകരും പോലീസും മൂന്ന് ദിവസം ഇടവേളയില്ലാതെ തിരഞ്ഞതിന് ശേഷം ഒടുവില്‍ ഇന്നലെ പ്രദേശത്ത് ഹെലികോപ്റ്ററില്‍ നടത്തിയ തിരച്ചിലിനൊചുവിലാണ് എജെ എല്‍ഫാലാക്കിനെ കണ്ടെത്തിയത്.

'എജെക്ക് കുറച്ച് പോറലുകളും മുറിവുകളും ഉണ്ടായിരുന്നു, അവന്‍ പൂര്‍ണആരോഗ്യവാനായി ഇരിക്കുന്നു' കുട്ടിയുടെ അമ്മ പറഞ്ഞു. 

ഇടതൂര്‍ന്ന ഭൂപ്രദേശം കുട്ടിക്കായുള്ള തിരച്ചില്‍ സങ്കീര്‍ണ്ണമാക്കിയെന്ന് പോലീസ് പറഞ്ഞു. വീടിന് വെറും നൂറ് മീറ്റര്‍ അകലെയാണ് കുട്ടിയെ കണ്ടെത്തിയതെന്നും ന്യൂ സൗത്ത് വെയില്‍സ് പോലീസ് സൂപ്രണ്ട് ബ്രാഡ് മോങ്ക് തിങ്കളാഴ്ച രക്ഷാപ്രവര്‍ത്തനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

'എന്തൊരു ആശ്വാസം. കുട്ടിക്കും അവന്റെ മാതാപിതാക്കള്‍ക്കും ഈ അനുഭവം എത്രമാത്രം വേദനാജനകമായിരുന്നുവെന്ന് എനിക്ക് ഊഹിക്കാന്‍ കഴിയുന്നില്ല,' പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ തിങ്കളാഴ്ച ട്വിറ്ററില്‍ കുറിച്ചു. കുട്ടിക്ക് വേണ്ടി തിരച്ചില്‍ നടത്തുകയും കണ്ടെത്തുകയും ചെയ്ത ന്യു സൗത്ത് വെയ്ല്‍സ് പോലീസിനും അദ്ദേഹം നന്ദി പറഞ്ഞു. 

Content highlights: Three year old autistic child found after 3 days of rigourous search