ഹെര്‍മനും കുഞ്ഞന്‍ ലന്‍ഡിയും തമ്മിലുള്ളത് അത്യപൂര്‍വമായ സൗഹൃദമാണ്. ഹെര്‍മന്‍ ഒരു പ്രാവാണ്. ലന്‍ഡി ഒരു നായയും. ഇവരൊരുമിച്ചാണ് ഉറക്കവും കളിയുമെല്ലാം. ന്യൂയോര്‍ക്കിലെ റോച്ചസ്റ്ററില്‍ പ്രവര്‍ത്തിക്കുന്ന ദ മിയ ഫൗണ്ടേഷന്റെ സംരക്ഷണത്തിലാണ് ഇരുവരും. ജന്മനാ വൈകല്യങ്ങളുള്ള ജീവികളെ സംരക്ഷിക്കുന്ന സംഘടനയാണ് ദ മിയ ഫൗണ്ടേഷന്‍.
ഹെര്‍മനും ലന്‍ഡിയും ഇപ്പോള്‍ ഇന്റര്‍നെറ്റ് ലോകത്തിലെ സൂപ്പര്‍താരങ്ങളാണ്. പുതിയൊരു സൗഹൃദം പൂത്തുലയുന്നു എന്ന അടിക്കുറിപ്പോടെ ദ മിയ ഫൗണ്ടേഷന്‍ ഫെയ്‌സ്ബുക്കില്‍ കഴിഞ്ഞ വ്യാഴാഴ്ച പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇവരെ താരങ്ങളാക്കിയത്. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ 21,000 ലധികം പേര്‍ പോസ്റ്റിനോട് പ്രതികരിച്ചു. 45,000 ലധികം പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്തു. വീഡിയോകളും സംഘടന ഷെയര്‍ ചെയ്തിരുന്നു.
അപൂര്‍വസൗഹൃദത്തിന്റെ ചിത്രങ്ങള്‍ വൈറലാവുക മാത്രമല്ല, ധാരാളം പേര്‍ ചിത്രങ്ങള്‍ പങ്ക് വെച്ച സംഘടനയെ പ്രശംസിച്ച് കമന്റ് ചെയ്യുകയും ചെയ്തു. ഇന്റര്‍നെറ്റില്‍ പങ്ക് വെച്ച ഏറ്റവും മനോഹരമായ സംഗതിയെന്ന് ഒരാള്‍ കമന്റ് ചെയ്തപ്പോള്‍ വിലമതിക്കാനാവാത്ത ചിത്രങ്ങളെന്ന് മറ്റൊരാളും കമന്റ് ചെയ്തു. തന്റെ ചിറകുകള്‍ക്കടിയില്‍ നായക്കുട്ടിയെ ഒളിപ്പിക്കുന്ന അഭിനന്ദിച്ചും പലരും കമന്റ് ചെയ്തു.
ഏറ്റെടുക്കാന്‍ തയ്യാറായി ആരെങ്കിലും എത്തിയാല്‍ സംരക്ഷണം നല്‍കുന്ന പക്ഷികളേയും മൃഗങ്ങളേയും ദ മിയ ഫൗണ്ടേഷന്‍ കൈമാറും. ഹെര്‍മന്റെ കാര്യത്തില്‍ ഉറപ്പില്ലെങ്കിലും ലന്‍ഡിയുടെ സംരക്ഷണം ഏറ്റെടുക്കാനൊരുങ്ങി രണ്ട് മൂന്ന് പേര്‍ സമീപിച്ചിട്ടുണ്ടെന്ന് സംഘടനയുടെ മേധാവി റോജര്‍ പറഞ്ഞു. ലന്‍ഡിയെ അങ്ങനെ കൈമാറിയാല്‍ ഹെര്‍മനും ലന്‍ഡിയ്ക്കും പിരിയേണ്ടി വരും.
Content Highlights: Puppy That Can’t Walk, Pigeon That Can’t Fly Become Unlikely Best Friends